ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്പ്,അപേക്ഷ ക്ഷണിച്ചു
അഞ്ചുവർഷത്തേക്ക് ഫെലോഷിപ്പ് അനുവദിക്കും.
തിരുവനന്തപുരം : യുവ പിഎച്ച്.ഡി. ബിരുദധാരികൾക്ക് ബേസിക്, അപ്ലൈഡ് സയൻസ് മേഖലകളിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്ന ഇൻസ്പയർ ഫാക്കൽട്ടി ഫെലോഷിപ്പ് പദ്ധതിയിലേക്ക്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡി.എസ്.ടി.) അപേക്ഷ ക്ഷണിച്ചു. വകുപ്പിന്റെ ഇനവേഷൻ ഇൻ സയൻസ് പർസ്യൂട്ട് ഫോർ ഇൻസ്പയർസ് റിസർച്ച്- ഇൻസ്പയർ- പദ്ധതിയുടെ ഒരു ഘടകമാണ് ഫാക്കൽട്ടി ഫെലോഷിപ്പ്.എൻജിനിയറിങ്, മെഡിസിൻ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, സയൻസ് ആൻഡ് ടെക്നോളജി മേഖലയിലെ ട്രാൻസ്ളേഷണൽ റിസർച്ച് ഉൾപ്പെടെയുള്ള മേഖലകളിലെ ഗവേഷണങ്ങൾക്ക് അഞ്ചുവർഷത്തേക്ക് ഫെലോഷിപ്പ് അനുവദിക്കും.
പ്രതിമാസ ഫെലോഷിപ്പ് തുക ഒന്നേകാൽലക്ഷം രൂപ. ഓരോ വാർഷവും ഇതിൽ 2000 രൂപയുടെ വർധന ഉണ്ടാകും. കൂടാതെ റിസർച്ച് ഗ്രാന്റായി പ്രതിവർഷം ഏഴുലക്ഷം രൂപയും വിശിഷ്ട അംഗത്തിനു ലഭിക്കും. ഈ ഫെലോഷിപ്പിനൊപ്പം മറ്റൊരു ഫെലോഷിപ്പ് സ്വീകരിക്കാൻപാടില്ല.ഭാരതീയർ, പി.ഐ.ഒ. സ്റ്റാറ്റസുള്ള ഇന്ത്യക്കാർ എന്നിവർക്ക് അപേക്ഷിക്കാം. സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയറിങ്, ഫാർമസി, മെഡിസിൻ, അഗ്രിക്കൾച്ചർ അനുബന്ധ വിഷയങ്ങൾ എന്നിവയിലൊന്നിൽ പിഎച്ച്.ഡി. ബിരുദം വേണം. ക്ലാസ് 12 പരീക്ഷമുതൽ, അക്കാദമിക് കരിയറിൽ എല്ലാ പരീക്ഷകൾക്കും കുറഞ്ഞത് 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 2024 ജനുവരി ഒന്നിന് 32 വയസ്സ്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും 37-ഉം ഭിന്നശേഷിക്കാർക്ക് 42-ഉം വയസ്സായിരിക്കും ഉയർന്ന പ്രായപരിധി.അസാമാന്യ ഗവേഷണ മികവ് വ്യക്തമാക്കുന്ന പബ്ലിക്കേഷൻസ്, പേരെടുത്ത ജേണലുകളിൽ വേണം. സയൻസ് ആൻഡ് ടെക്നോളജി വിഷയത്തിലെ ട്രാൻസ്ളേഷണൽ റിസർച്ച് മേഖലയിലെ ഫാക്കൽറ്റി ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർ, കുറഞ്ഞത് രണ്ട് പേറ്റൻറുകൾ ഫയൽ ചെയ്തിരിക്കണം. അല്ലെങ്കിൽ ഒരു പേറ്റൻറ്് എങ്കിലും അവർക്ക് അനുവദിച്ചിരിക്കണം.