ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്‍ഡുകള്‍ ഇന്‍ഫാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

Jan 20, 2026
ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
infarm veer kisan

പൊടിമറ്റം (കാഞ്ഞിരപ്പള്ളി):  പരിസ്ഥിതിയുടെ സംരക്ഷകര്‍ കര്‍ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.  ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ  75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി. വന്യമൃഗസംരക്ഷണം നിയമം വന്നപ്പോള്‍ മനുഷ്യരെ മറന്നു. 54 ശതമാനം വനാവരണം മാത്രമുള്ള കേരളത്തില്‍ 30.6 ശതമാനം മാത്രമേ കൃഷി ചെയ്യാന്‍ ഉള്ളു. കേരളത്തെ കേരളമാക്കി മാറ്റിയത് കര്‍ഷകരാണെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.

കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്‍ന്ന കര്‍ഷകരെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പും ചങ്ങനാശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ പറഞ്ഞു.  കേരളത്തില്‍ കൃഷി ചെയ്യാന്‍ യുവകര്‍ഷകര്‍ക്ക് ധൈര്യം ഇല്ല. കൃഷി ആദായകരമാക്കാന്‍ സര്‍ക്കാരുകള്‍ക്കോ ഭരിക്കുന്നവര്‍ക്കോ കഴിയുന്നില്ല. ഇതുകൊണ്ടാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കര്‍ഷകര്‍. വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് അനുകുല്യങ്ങള്‍ നഷ്ടപ്പെടുന്നു. കൃഷി ലാഭകരമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ആലോചിച്ച് പദ്ധതികള്‍ തയാറാക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്‍കി ഭക്ഷ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പും തിരുവല്ല കാര്‍ഷികജില്ല രക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വിളകള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. കര്‍ഷകര്‍ ചെയ്യുന്ന ജോലിക്ക് വേണ്ട പരിഗണന നല്‍കണമെന്നും തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.

കര്‍ഷകരെ ആര് ചേര്‍ത്ത് പിടിക്കുന്നുവോ അവര്‍ക്ക് കര്‍ഷകര്‍ വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകര്‍ അവഗണിക്കപ്പെടുന്നതിന് കാരണം അവര്‍ക്ക് ശബ്ദമില്ലാത്തതാണ്. എന്നാല്‍, ഇനി അങ്ങനെയായിരിക്കില്ല. സര്‍ക്കാര്‍ സംവിധാനങ്ങളാണ് കര്‍ഷകരെ ചേര്‍ത്തു പിടിക്കേണ്ടത്. ഭൂമി വനവത്ക്കരിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ട്.ഇതില്‍ നിയമഭേദഗതികള്‍ ആവശ്യമാണ്. അതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കണം. കര്‍ഷകര്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും കര്‍ഷകരെ ഒരു കുടക്കീഴില്‍ അണി നിര്‍ത്താന്‍ ഇന്‍ഫാമിന് കഴിഞ്ഞുവെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ജനതയുടെവികസന വഴികളില്‍ ഇന്‍ഫാം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്‍ഡുകള്‍ ഇന്‍ഫാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ  ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങാശേരി കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഇന്‍ഫാം തിരുവല്ല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, ഇന്‍ഫാം സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.

ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളില്‍ നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില്‍ പൊന്നു വിളയിച്ച 921 കര്‍ഷകര്‍ക്കാണ് മെമെന്റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള്‍ എന്നിവയടങ്ങിയ  വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരം ഇന്നലെ നല്‍കിയത്. യാത്ര ചെയ്തു വരാന്‍ സാധിക്കാത്ത 485 കര്‍ഷകരെ  ഇന്‍ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില്‍ ആദരം അര്‍പ്പിക്കും.


ഫോട്ടോ....

 ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച  കേരളത്തിലെ വിവിധ കാര്‍ഷികജില്ലകളിലെ  75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന  ഇന്‍ഫാം  വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാര ചടങ്ങ് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍  ജോസ് കെ. മാണി എംപി ഉദ്ഘാനം ചെയ്യുന്നു. ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഡീന്‍ കുര്യാക്കോസ് എംപി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, തോമസ് മാര്‍ കൂറിലോസ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ സമീപം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.