*ഓഫീസ് രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ ഓഫീസ് മേധാവിക്കെതിരേ നടപടി: വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ്*

If the office records are not maintained, action will be taken against the head of the office

Aug 22, 2024
*ഓഫീസ് രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ ഓഫീസ് മേധാവിക്കെതിരേ നടപടി: വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ്*

കോട്ടയം: ഓഫീസ് രേഖകൾ സൂക്ഷിക്കാത്ത കാരണത്താൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരം പൊതുജനങ്ങൾക്കു നൽകാൻ കഴിയാതെ വന്നാൽ ഓഫീസ് മേധാവിക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്നു വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ്. ഉദ്യോഗസ്ഥർ ഫയലിന്മേൽ സമയബന്ധിതമായി തീരുമാനമെടുക്കാതെ വരുമ്പോൾ വിവരാവകാശ നിയമപ്രകാരം വിവരം ആവശ്യപ്പെട്ടു പൗരന്മാർ സർക്കാർ ഓഫീസുകളെ സമീപിക്കാറുണ്ട്. അത്തരം ഘട്ടങ്ങളിൽ ഫയൽ ലഭ്യമല്ല എന്ന കാരണം പറഞ്ഞു വിവരം നിഷേധിക്കുന്നത് അറിയാനുള്ള അവകാശത്തെ തടസപ്പെടുത്തുന്നതും കുറ്റകരവുമാണെന്നു കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടത്തിയ ദ്വിദിന ഹിയറിങ്ങിനുശേഷം ഡോ. കെ.എം. ദിലീപ് പറഞ്ഞു.

2011ൽ കെട്ടിടനിർമാണപെർമിറ്റുമായി ബന്ധപ്പെട്ടു ഫീസ് സ്വീകരിച്ച ശേഷം 13 വർഷമായി കെട്ടിടത്തിന് നമ്പർ ഇട്ടു നൽകാത്തതുമായി ബന്ധപ്പെട്ടു ചങ്ങനാശേരി സ്വദേശി വിനോദ്് മാത്യൂ ചങ്ങനാശേരി നഗരസഭയിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ കെട്ടിടനമ്പർ അടങ്ങിയ ഫയൽ ലഭ്യമല്ലെന്നും ഫയൽ ലഭ്യമാകുന്ന മുറയ്ക്കു നൽകാമെന്നുമായിരുന്നു നഗരസഭ റവന്യൂ-എൻജിനീയറിങ് വിഭാഗത്തിന്റെ മറുപടി. ഇതുസംബന്ധിച്ച അപ്പീൽ പരിഗണിച്ച കമ്മിഷൻ ആവശ്യപ്പെട്ട വിവരം ഏഴുദിവസത്തിനകം അപേക്ഷകന് നൽകണമെന്നു നഗരസഭയോടു നിർദേശിച്ചു.

അയ്മനം, അതിരമ്പുഴ, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിൽ വിവരാവകാശ പ്രകാരം ലഭിച്ച അപേക്ഷകളിൽ രേഖകൾ കണ്ടെത്താനായില്ല, രേഖകൾ ലഭ്യമല്ല എന്ന മറുപടിയാണ് അപേക്ഷകർക്കു ലഭിച്ചത്. ഇതു സംബന്ധിച്ച അപ്പീലുകൾ പരിഗണിച്ച കമ്മിഷൻ രേഖകൾ ഹർജിക്കാർക്കു ലഭ്യമാക്കി നൽകാൻ ഉത്തരവിട്ടു.

കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ രണ്ടുദിവസമായി നടന്ന ഹിയറിങ്ങിൽ 56 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 50 എണ്ണം തീർപ്പാക്കി. ആറു കേസുകൾ അടുത്ത ഹിയറങ്ങിൽ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 19 അപ്പീലുകളാണ് രണ്ടുദിവസമായി നടന്ന ഹിയറിങ്ങിൽ പരിഗണിച്ചത്. പോലീസ്, സഹകരണവകുപ്പ്, കെ.എസ്.ഇ.ബി, പൊതുവിതരണവകുപ്പ്, കൃഷി എന്നീ വകുപ്പുകളിൽ നിന്നുള്ള അപ്പീലുകളും പരിഗണനയ്ക്കു വന്നു.

ഫോട്ടോക്യാപ്ഷൻ: കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് നടത്തിയ ഹിയറിങ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.