ഈരാറ്റുപേട്ട കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം
കേന്ദ്ര ന്യൂനപക്ഷ കാര്യം, മൃഗസംരക്ഷണം,ഫിഷറീസ്, ക്ഷീര വികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും.

കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിതാ നൈപുണ്യവികസനകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം വ്യാഴാഴ്ച(ജനുവരി 16) നടക്കും. കാർഷിക വ്യാപാര,സംരംഭകത്വ മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ളതാണ് അഗ്രികൾച്ചർ ഹൂണാർ ഹബ്ബ്. വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനായുള്ളതാണ് നൈപുണ്യവികസനകേന്ദ്രം.
വൈകീട്ട് 4.30ന് കടുവാമൂഴിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷ കാര്യം, മൃഗസംരക്ഷണം,ഫിഷറീസ്, ക്ഷീര വികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും.
കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സുഹ്‌റാ അബ്ദുൽ ഖാദർ, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, നഗരസഭാ അംഗങ്ങളായ ഫസിൽ റഷീദ്, സജീർ ഇസ്മായിൽ, നാസർ വെള്ളൂ പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, അബ്ദുൾ ലത്തീഫ്, ഷൈമ, ലീന ജെയിംസ്, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിക്കും.