താപനില ഉയരല്‍; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്

മദ്യപിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ നിര്‍ജ്ജലീകരണ സാധ്യതയുണ്ട്

Mar 3, 2025
താപനില ഉയരല്‍; മുന്‍കരുതല്‍ വേണമെന്ന്  ആരോഗ്യവകുപ്പ്
high hot kottayam

കോട്ടയം: ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ വേണമെന്ന്  ആരോഗ്യ വകുപ്പ്.

65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം പോലുള്ള  രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടണം. ചിക്കന്‍ പോക്സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയ്ക്കെതിരേയും ജാഗ്രത പുലര്‍ത്തണം.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം,വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടാം.  ഈ ലക്ഷണങ്ങള്‍  കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കണം.

സൂര്യാതപം

സൂര്യാഘാതത്തെക്കാള്‍  കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടണം. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍  പൊട്ടിക്കാന്‍ പാടില്ല.

ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍:-

സൂര്യാഘാതം, സൂര്യാതപം എന്നിവ ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. തണുത്ത വെള്ളംകൊണ്ട് മുഖവും ശരീരവും തുടയ്ക്കുക, ഫാന്‍, എ.സി അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക, ധാരാളം വെള്ളം കുടിക്കുക, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി കട്ടികുറഞ്ഞ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയും ചെയ്യണം. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
കഴിയുന്നതും വേഗം വൈദ്യസഹായം തേടുകയും വേണം

പ്രതിരോധമാര്‍ഗങ്ങള്‍:-

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക, ദാഹം തോന്നിയില്ലെങ്കില്‍ പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞി വെള്ളവും ഉപ്പിട്ട നാരങ്ങാ വെള്ളവും കുടിക്കുക.

വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
യാത്രാവേളയില്‍ വെള്ളം കരുതണം. കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ നല്ല വെള്ളവും ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം.

പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

മദ്യപിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ നിര്‍ജ്ജലീകരണ സാധ്യതയുണ്ട്. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.

ക്ഷീണം അവഗണിക്കരുത്. ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുക. വെള്ളം കുടിക്കുക. കുട്ടികളെയും പ്രായമായവരെയും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ഇരുത്തി പോകരുത്.

ഇതുകൂടാതെ അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവ് അഥവാ ഹീറ്റ് ക്രാംപ്സ് ഉണ്ടാകാം. വെയിലത്ത് പണിയെടുക്കുന്നത് നിര്‍ത്തി തണുപ്പുള്ള സ്ഥലത്തേക്ക് മാറുക, ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാ വെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളം കുടിക്കുക എന്നിവയാണ് ഇതിനെ തടയാനുള്ള മാര്‍ഗങ്ങള്‍.

 ചൂടുകാലത്ത് പ്രത്യേകിച്ച് കുട്ടികളില്‍ വിയര്‍പ്പ് മൂലം ശരീരം ചൊറിഞ്ഞു തിണര്‍ക്കുന്നതു കാണാറുണ്ട്. ഇതിനെ ഹീറ്റ് റാഷ് എന്ന് പറയുന്നു. കുട്ടികളിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. കുട്ടികളില്‍ കഴുത്തിലും നെഞ്ചിനുമുകളിലും ആണ് ഇത് കൂടുതല്‍ കാണുന്നത്. ചിലര്‍ക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും കാണാറുണ്ട്. സ്ത്രീകളില്‍ മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്. അധികം വെയില്‍ ഏല്‍ക്കാതെ നോക്കുക, തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഉണങ്ങിയ അവസ്ഥയില്‍  ആയിരിക്കാന്‍ ശ്രദ്ധിക്കുക എന്നിവയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നുവെങ്കില്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.