ആവേശകരമായ അന്തരീക്ഷത്തില്‍ ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ”സംഘടന കൊണ്ട് ശക്തരാവുക”, ഗുരുദേവ വചനങ്ങള്‍ ആദ്യ പ്രതികരണമാക്കി ബിജെപി പ്രസിഡന്റ്

തിരുവനന്തപുരം: അത്യന്തം ആവേശകരമായ അന്തരീക്ഷത്തില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ നേതാക്കളുടേയും സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളുടേയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുപ്പതംഗ ദേശീയ കൗണ്‍സില്‍ അംഗങ്ങളേയും പ്രള്‍ഹാദ് ജോഷി പ്രഖ്യാപിച്ചു. ഏക്യകണ്‌ഠേനയാണ് ബിജെപി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിജെപി നിയമസഭയില്‍ മുന്നേറട്ടെയെന്നും കേന്ദ്രമന്ത്രി ആശംസിച്ചു.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രതിനിധിസമ്മേളനത്തില്‍ ബിജെപി കേരളാ പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ്ജ് കുര്യന്‍, മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, പി.കെ കൃഷ്ണദാസ്, ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, കേരളത്തിലെ ബിജെപി സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. താഴേത്തട്ടുമുതല്‍ സംസ്ഥാന തലം വരെ പൂര്‍ത്തിയാക്കിയ സംഘടനാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടപടികള്‍ സംസ്ഥാന വരണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി വിശദീകരിച്ചു.
ശ്രീനാരായണ ഗുരു വചനങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ച് പുതിയ ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ പ്രതികരണം.
‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക’ എന്ന ഗുരുദേവ വചനങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഗുരുവചനങ്ങള്‍ തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പൊതുസമൂഹത്തിന്റെ ഭാഗമായവരും പോസ്റ്റിന് താഴെ പുതിയ അധ്യക്ഷന് ആശംസകളുമായെത്തി.
ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും മാധ്യമങ്ങളോടോ പാര്‍ട്ടി പ്രവര്‍ത്തകരോടോ യാതൊരു പ്രതികരണവും നടത്താതിരുന്ന രാജീവ് ചന്ദ്രശേഖര്‍ സ്ഥാനമേറ്റെടുത്ത ശേഷം ഇന്ന് ഉച്ചയ്‌ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിച്ചു കഴിഞ്ഞു. അല്‍പ്പ സമയത്തിനകം രാജീവ് ചന്ദ്രശേഖറിനെ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരും. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അടക്കമുള്ള കേന്ദ്രനേതാക്കളും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ദേശീയ-സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.