മലയോര ഹൈവേ ശനിയാഴ്ച തുറക്കും
കൂടരഞ്ഞിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

തിരുവമ്പാടി: മലയോര ഹൈവേയുടെ ജില്ലയിലെ പ്രവൃത്തി പൂർത്തീകരിച്ച ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് ശനിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കും. മലയോരത്തിന്റെ ടൂറിസം വികസനത്തിന് സാധ്യതകൾ തുറക്കുന്നതാണ് 34 കി.മീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച്.195 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മൂന്ന് റീച്ചുകളിലായാണ് പാതയുടെ നിർമാണം നടക്കുന്നത്.ഇതിൽ ഏറ്റവും ദൈർഘ്യമേറിയ റീച്ചാണ് ഇപ്പോൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. കോടഞ്ചേരി , തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ മലപുറം-കോടഞ്ചേരി- തിരുവമ്പാടി- കൂടരഞ്ഞി-കൂമ്പാറ- കക്കാടംപൊയിൽ ഗ്രാമങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകുന്ന മലയോരപാത കാസർകോട്ടെ നന്ദാരപ്പടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ വ്യാപിച്ചുകിടക്കുന്നതും തന്ത്രപ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ എസ്എച്ച് 59 ആണ് മലയോരപാതയായി നാമകരണം ചെയ്തത്.