പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കണം : വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, പൊലീസ് തടഞ്ഞുവെയ്‌ക്കുന്ന സമയം മുതല്‍ തന്നെ പ്രതിയുടെ കസ്റ്റഡി ആരംഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതല്‍ അറസ്റ്റ് കണക്കാക്കിയില്ലെങ്കില്‍ പ്രതിയുടെ മൗലികാവകാശം ലംഘിക്കപ്പെടുമെന്ന അമിക്കസ് ക്യൂറിയുടെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നാണ് ചട്ടം. ഇതില്‍ വൈകി അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തിരിമറി നടത്താറുണ്ട്. ഇക്കാര്യത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. പോലീസിന് കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാവുന്നതേയുള്ളൂ. കൂടുതല്‍ സമയം തടങ്കലില്‍ വയ്‌ക്കാന്‍ മജിസ്ട്രേറ്റിന് അനുമതി നല്‍കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.