കനത്ത മഴ; രാത്രികാല യാത്രക്ക് നിരോധനം
നിരോധനം രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ
തൊടുപുഴ: രണ്ടാഴ്ച മുമ്പ് എരിപൊരി വേനൽ ചുട്ടുപഴുത്ത നാടാണ്. ഇപ്പോൾ പെരുമഴയിൽ വിറങ്ങലിച്ചുനിൽക്കുന്നു. മൂന്നു ദിവസമായി രാപ്പകൽ പെയ്യുന്ന മഴയിൽ ഇടുക്കി ജില്ലയുടെ താഴ്വാരങ്ങളും കോട്ടയം ജില്ലയോട് ചേർന്ന പ്രദേശങ്ങളും നനഞ്ഞുകുതിർന്നിരിക്കുകയാണ്. ഹൈറേഞ്ചിൽ മഴ പെയ്യുന്നുണ്ടെങ്കിലും അതിശക്തമായിട്ടില്ല. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ജില്ലയുടെ മലയോരങ്ങളിലൂടെയുള്ള രാത്രികാല യാത്ര ജില്ല കലക്ടർ നിരോധിച്ചിട്ടുമുണ്ട്.തെക്കൻ തമിഴ്നാടിനു മുകളിൽ രൂപം കൊണ്ട ചക്രവാതചുഴിയാണ് ഇപ്പോൾ പെയ്യുന്ന ശക്തമായ മഴക്ക് കാരണമെന്നാണ് പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പ്രകാരമാണ് ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റ് വീശുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കാനാണ് ദുരന്തനിവാരണ നിയമപ്രകാരം രാത്രി യാത്ര നിരോധിച്ചത്.രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, റീജിയനൽ ട്രാൻസ്പോർട്ട് ഓഫീസർ, ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇലവീഴാപൂഞ്ചിറയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. മീനച്ചിലാറിന്റെ കരകളിലുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് -നാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ സാധ്യത കൽപിക്കുന്നത്. അടുത്ത ഏഴ് ദിവസം ഇടിയും മിന്നലും കാറ്റുമുള്ള മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രങ്ങൾ പറയുന്നു.