ലഹരിവിപത്തിനെ ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയ്യാറാക്കും

Mar 24, 2025
ലഹരിവിപത്തിനെ  ചെറുക്കാൻ അതിവിപുല ജനകീയ ക്യാമ്പയിനുമായി സർക്കാർ
pinarayi vijayan

തിരുവനന്തപുരം : ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച്  ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30 ന്  വിദഗ്ധരുടെയും വിദ്യാർത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകൾ ചേർന്ന് സമിതി രൂപീകരിക്കും. എൽ.പി ക്ലാസുകൾ മുതൽ തന്നെ ലഹരിവിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കുട്ടികളെ കായിക രംഗത്ത് ആകർഷിക്കാൻ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളണം. പരിശോധന കർശനമാക്കണം. പോലീസിന്റെയും എക്സൈസിന്റെയും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കണം. ലഹരിവിൽപ്പന നടത്തുന്ന കടകൾ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങണം. സ്നിഫർ ഡോഗ് സാന്നിധ്യം വർദ്ധിപ്പിക്കണം. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം. ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. എയർപോർട്ട്,  റെയിൽവേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം.  അതിർത്തികളിലെ പോലീസ് പരിശോധന ശക്തമാക്കണം.

കൊറിയറുകൾ, പാഴ്സലുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ തുടങ്ങി കേരളത്തിന്റെ അതിർത്തിയിലേക്ക്  കടന്നുവരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന ലഹരിവിരുദ്ധ പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചു. യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, എം.ബി. രാജേഷ്, ഒ.ആർ. കേളു, ആർ. ബിന്ദു, വി. അബ്ദുറഹ്‌മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ എ. ജയതിലക്, കെ.ആർ. ജ്യോതിലാൽ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, പി. വിജയൻ, എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് തുടങ്ങിയവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.