തൃശ്ശൂരിൽ കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മധ്യവയസ്കന് വെട്ടേറ്റു
കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്.

തൃശൂർ : കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മധ്യവയസ്കന് വെട്ടേറ്റു. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനനാണ് (60) വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് വെട്ടിയത്.സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് കുഴൽ കിണർ കുഴിക്കാനാരംഭിച്ചത്. കുഴൽ കിണറിൽ നിന്നുള്ള വെള്ളം സമീപത്തെ റോഡിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് മധ്യവയസ്കന് വെട്ടേറ്റത്. മോഹനൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.