സ്വർണവില ഇന്നും താഴേക്ക്; പവൻ വില 66,000ല്‍ താഴെ
ഒരു പവന് സ്വര്‍ണത്തിന് 65,800 രൂപയിലും ഗ്രാമിന് 8,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്

കൊച്ചി : ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നു താഴെവീണ സ്വർണവില വീണ്ടും തകർച്ചയിൽ. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 65,800 രൂപയിലും ഗ്രാമിന് 8,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 6,745 രൂപയിലെത്തി.
ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റിക്കാർഡ്. അതിനുശേഷം ഇതിനകം പവന് 2,680 രൂപയും ഗ്രാമിന് 335 രൂപയും ഇടിഞ്ഞു.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ 4,960 രൂപയാണ് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ 3,000 രൂപ ഉയർന്ന ശേഷം വെള്ളിയാഴ്ച ഒറ്റയടിക്ക് 1,280 രൂപ കുറയുകയായിരുന്നു. പിന്നാലെ ശനിയാഴ്ച 720 രൂപയും തിങ്കളാഴ്ച 200 രൂപയും കുറഞ്ഞു.