മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം

പദ്ധതിക്ക് 60:40 അനുപാതത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ ("Climate Resilient Village") പദ്ധതിയിൽ കേരളത്തിൽ നിന്ന് 6 ഗ്രാമങ്ങൾ തെരഞ്ഞടുത്തു. കേരളത്തിലെ 5 ഹാർബറുകൾ നവീകരിക്കാനും തീരുമാനം

Oct 27, 2024
മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്തിനായി 177കോടി രൂപയുടെ വികസന പദ്ധതിക്ക് കേന്ദ്ര ഗവൺമെന്റ് അംഗീകാരം
GEORGE KURIAN central STATE MINISTER
തിരുവനന്തപുരം  : 2024 ഒക്‌ടോബര്‍ 27

 

തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്രസഹമന്ത്രി ശ്രീ ജോർജ് കുര്യൻ അറിയിച്ചു. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ  60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.  177 കോടി രൂപയിൽ 106.2 കോടി രൂപ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) വഴിയാണ് നൽകുന്നത്. കേരളത്തിന്റെ വിഹിതം 70.80 കോടി രൂപയാണ്.
മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൻ്റെ വിപുലീകരണത്തോടു കൂടി 415 യന്ത്രവൽകൃത മത്സ്യബന്ധന ബോട്ടുകൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. അതുവഴി പ്രതിവർഷം 38142 മെട്രിക് ടൺ മത്സ്യം ഇറക്കുമതി  സാധ്യമാകും. ഈ പദ്ധതിയിലൂടെ ഏകദേശം 10,000പരം ആളുകൾക്ക് നേരിട്ടും അത്രത്തോളം പേർക്ക്  പരോക്ഷമായും പ്രയോജനം ലഭിക്കും.
പദ്ധതിയിൽ ജല കരസൗകര്യ വികസനം ഉൾപ്പെടുന്നു. ഇതിൽ 164 കോടി രൂപ ചിലവഴിച്ച് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികളായ പുലിമുട്ട് വിപുലീകരണം, ഇൻ്റേണൽ റോഡ് നവീകരണം, പാർക്കിംഗ് ഏരിയ, പുതിയ ഡ്രെയിനേജ്, ലോഡിംഗ് ഏരിയ നവീകരണം , വാർഫ് 
വിപുലീകരണം, ലേല ഹാൾ, ഓവർഹെഡാട്ടർ ടാങ്ക് നിർമ്മാണം, തൊഴിലാളികളുടെ വിശ്രമകേന്ദ്രം, കടകൾ, ഡോർമിറ്ററി, ഗേറ്റ്, ലാൻഡ്സ്കേപ്പിംഗ്, നിലവിലുള്ള ഘടനകളുടെ നവീകരണം, വൈദ്യുതീകരണം, യാർഡ്‌ലൈറ്റിംഗ്, പ്രഷർ വാഷറുകൾ, ക്ലീനിംഗ് ഉപകരണങ്ങൾ നിരീക്ഷണ സംവിധാനം സ്‌ഥാപിക്കൽ, നാവിഗേഷൻ ലൈറ്റ്, മെക്കാനിക്കൽ കൺവെയർ സിസ്‌റ്റം & ഓട്ടോമേഷൻ മുതലായവ നടത്തുന്നതായിരിക്കും. ബാക്കി 13 കോടി സ്‌മാർട്ട് ഗ്രീൻ തുറമുഖം, തീരദേശ സംരക്ഷണം എന്നിവക്കായി ഉപയോഗിക്കും. കേരളഗവൺമെന്റാണ് പദ്ധതി നടപ്പാക്കുക.
മുതലപ്പൊഴിയിൽ ആവർത്തിച്ചുള്ള അപകടസാദ്ധ്യതകൾ പരിഹരിക്കുന്നതിനായി  പൂനെയിലെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ   (CWPRS) ശാസ്ത്രീയവും ഗണിതശാസ്ത്ര മാതൃകാ പഠനങ്ങളിലൂടെയും തിരമാല പരിവർത്തനം, തീരത്തെ മാറ്റങ്ങൾ, ഹൈഡ്രോഡൈനാമിക്സ്, സെഡിമെന്റേഷൻ എന്നിവ നിരീക്ഷിച്ചതിനു ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. 
അതേസമയം, നിർമാണത്തിനാവശ്യമായ പരിസ്‌ഥിതി ആഘാത വിലയിരുത്തൽ (EIA ) പഠനം നടത്തിയത് കേരള ഗവൺമെന്റാണ്. മുതലപ്പൊഴി ഫിഷിംഗ് ഹാർബറിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും മുൻകരുതലുകളും സ്വീകരിക്കാൻ കേന്ദ്രം കേരള ഗവൺമെന്റിനോട് നിർദ്ദേശിച്ചതായും ശ്രീ ജോർജ് കുര്യൻ അറിയിച്ചു.  പദ്ധതി പ്രാദേശിക മത്സ്യ ബന്ധന കപ്പലുകൾക്കും മത്സ്യത്തൊഴിലാളികൾക്കും അവശ്യ സൗകര്യങ്ങൾ നൽകുന്നതിന് പുറമെ അനുബന്ധ മത്സ്യ ബന്ധന അധിഷ്‌ഠിത വ്യവസായങ്ങളുടെ വളർച്ചയെ പ്രോത്സാഹി പ്പിക്കുകയും മത്സ്യബന്ധന വ്യാപാരവും സാമ്പത്തിക പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറ‍ഞ്ഞു.
 
              ഇതു കൂടാതെ  പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയിൽ നിന്ന് നൂറ് ശതമാനം കേന്ദ്ര വിഹിതത്തോടെ നടത്തുന്ന  പാരിസ്ഥിതികാഘാത അതിജീവന ശേഷിയുള്ള ഗ്രാമ ("Climate resilient village") പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും ആറ് ഗ്രാമങ്ങളെ തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു.  ചിലക്കൂർ(തിരുവനന്തപുരം), പുതുവൈപ്പിൻ, ഞാറക്കൽ (എറണാകുളം), തോട്ടപ്പള്ളി(ആലപ്പുഴ), ഇരവിപുരം, അഴീക്കൽ(കൊല്ലം) എന്നിവയാണ് പദ്ധതിയിലുൾപ്പെട്ട ഗ്രാമങ്ങൾ. ഗ്രാമങ്ങളുടെ വികസനത്തിനായി രണ്ട് കോടി രൂപ വീതമാണ് പദ്ധതിക്ക് കീഴിൽ അനുവദിച്ചിരിക്കുന്നത്. ആവശ്യമായ വികസന പദ്ധതികൾ തീരുമാനിച്ച് നടപ്പാക്കേണ്ടത് സംസ്ഥാന ഗവൺമെന്റിന്റെ ചുമതലയാണ്. 
 കൂടാതെ കേരളത്തിലെ അഞ്ച് തുറമുഖങ്ങൾ നവീകരിക്കാനും തീരുമാനമായതായി കേന്ദ്ര സഹമന്ത്രി പറഞ്ഞു. 126 കോടി രൂപ ആനുപാതിക ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയിൽ നിന്ന്  കാസർകോട്,പൊന്നാനി,പുതിയാപ്പ,കൊയിലാണ്ടി എന്നീ തുറമുഖങ്ങളും എഫ് ഐ ഡി എഫ് ഫണ്ടിൽ നിന്നും അർത്തുങ്കൽ തുറമുഖവുമാണ് നവീകരിക്കുക. സംസ്ഥാന ഗവൺമെന്റ് 18 മാസം കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം. 
മത്സ്യബന്ധന രംഗത്തെ തൊഴിൽ വികസന സാധ്യതകളെ മുൻനിർത്തി കഴിഞ്ഞ പത്തു വർഷങ്ങളിൽ 38572 കോടി രൂപ വിവിധ പദ്ധതികൾ കാ യി വകയിരുത്തിയതായും ശ്രീ ജോർജ് കുര്യൻ വ്യക്തമാക്കി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.