2031 ഓടെ കേരളം പോഷകഭദ്രമാക്കും : മന്ത്രി ജി ആർ അനിൽ

Oct 11, 2025
2031 ഓടെ കേരളം പോഷകഭദ്രമാക്കും : മന്ത്രി ജി ആർ അനിൽ
G R ANIL MINISTER

2031 ഓടെ കേരളം സമ്പൂർണ്ണ പോഷകഭദ്രം ആക്കുമെന്ന് ഭക്ഷ്യവകുപ്പുമന്ത്രി ജി ആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വിഷൻ-2031 സെമിനാറിൽ  'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക് എന്ന വീക്ഷണനയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ വിഷൻ 2031 എന്ന പേരിൽ ഭാവികേരളത്തെപ്പറ്റിയുള്ള ആശയങ്ങൾ രൂപീകരിക്കുന്നതിന് സംഘടിപ്പിക്കുന്ന 33 വിഷയാധിഷ്ഠിത സെമിനാറുകളിൽ ഒന്നാണ് ഇന്ന് ചേർന്നത്.

1947 ൽ നമ്മുടെ രാജ്യം സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ഇന്ത്യയിലെ മറ്റേതൊരു പ്രദേശത്തെയും പോലെ കേരളവും അതീവ ദരിദ്രവും പിന്നോക്കവും ആയിരുന്നു. അതിനുമപ്പുറം ഒരു ഭക്ഷ്യകമ്മി സംസ്ഥാനം ആയതുകൊണ്ട് ക്ഷാമത്തിനും പട്ടിണിക്കും വശംവദരാകാനുള്ള സാധ്യത കൂടുതലുമായിരുന്നു. എന്നാൽ ദശാബ്ദങ്ങൾ പിന്നിട്ട് ഇന്ന് നാം അതിദാരിദ്ര്യവിമുക്തമായ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാൻ പോകുന്നു. സാമ്പ്രദായികമായ പൊതുവിതരണ സംവിധാനത്തിനപ്പുറം അതിവിപുലവും ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ചേരുന്നതുമായ ഒരു വിപണി ഇടപെടൽ ശൃംഖലയിലൂടെ കൂടെ ആണ് വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കാൻ നമുക്ക് കഴിഞ്ഞത്. ഇതേ പാതയിൽ നിശ്ചയദാർഢ്യത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കേരളം എഴുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുക എന്നുള്ളതാണ് കേരളം ലക്ഷ്യം വെക്കുന്നത് മന്ത്രി പറഞ്ഞു.

ലോകമെങ്ങും വിഖ്യാതമായ കേരള മാതൃകയുടെ ബലിഷ്ഠമായ അടിസ്ഥാനശിലകളിലൊന്നാണ് ഭക്ഷ്യഭദ്രത എന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ധനകാര്യ വകുപ്പുമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മനുഷ്യവിഭവ വികാസ സൂചികകളിലെ ഉന്നതസ്ഥാനങ്ങളിലൂടെയും ജീവിതഗുണമേന്മയിലൂടെയും അടയാളപ്പെടുത്തപ്പെട്ട ഈ മികവുകൾക്ക് നാം തീർച്ചയായും കാർഷിക ഭൂപരിഷ്‌ക്കരണത്തോടും സാർവ്വത്രിക വിദ്യാഭ്യാസ-പൊതുജനാരോഗ്യ സംവിധാനത്തോടും കടപ്പെട്ടിരിക്കുന്നു. എന്നാൽ മികച്ച ഒരു പൊതുവിതരണ സംവിധാനം ഇല്ലായിരുന്നു എങ്കിൽ ഈ നേട്ടങ്ങളെല്ലാം ജലരേഖകളായി മാറിപ്പോവുമായിരുന്നു.

ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം വകുപ്പിന്റെ 9 വർഷത്തെ നേട്ടങ്ങൾ അവതരിപ്പിച്ചു. 'ആഗോളഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം' എന്ന വിഷയത്തിൽ കൃഷി വകുപ്പുമന്ത്രി പി പ്രസാദ്, സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ എൻ ഹരിലാൽ, ഡൽഹി ഐ.ഐ.ടി.യിലെ പ്രൊഫസർ ഋതിക എസ് ഖേര, പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ എന്നിവർ സംസാരിച്ചു. ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ എം വി, ലീഗൽ മെട്രോളജി കൺട്രോളർ ജെ കിഷോർകുമാർ എന്നിവർ സന്നിഹിതരായിരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ കെ ഹിമ സ്വാഗതവും റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ വി നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് കനകക്കുന്ന് കൊട്ടാരത്തിൽ പാനൽ ചർച്ചകൾ നടന്നു. 'ഭക്ഷ്യഭദ്രതയിൽ നിന്ന് പോഷകഭദ്രതയിലേക്ക്' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഡോ ജിനു സക്കറിയ ഉമ്മൻ മോഡറേറ്ററായി. പി വേണുഗോപാൽ, ആർ രാംകുമാർ എന്നിവർ സംസാരിച്ചു. 'ഉപഭോക്തൃമേഖല ചൂഷണമുക്തം സംതൃപ്തം' എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് & ടാക്‌സേഷൻ വിസിറ്റിംഗ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി മോഡറേറ്ററായി. അഡ്വ. ജി രഘുകുമാർ, അഡ്വ. സൂര്യ ജെ എന്നിവർ സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ച നടന്നു. ഭക്ഷ്യ വകുപ്പുമന്ത്രി ജി ആർ അനിൽ മറുപടി പറഞ്ഞ് സംസാരിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.