സിടിസിആർഐ അന്തർദേശീയ കിഴങ്ങുവിള സിംപോസിയത്തിന് ആതിഥേയത്വം വഹിക്കുന്നു
കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐസിഎആർ– കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ) ഇന്റർനാഷണൽ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ റൂട്ട് ക്രോപ്സ് (ISTRC) ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ വച്ച് മൂന്നു വർഷത്തിലൊരിക്കൽ നടത്തുന്ന സിംപോസിയത്തിന്റെ ഇരുപതാം പതിപ്പിന് ആതിഥേയത്വം വഹിക്കും. 2025 നവംബർ 17-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ഹോട്ടൽ ഒ ബൈ താമരയിൽ വച്ചു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് കുമാർ സിംഗ് മുഖ്യാഥിതിയാകും. ISTRC പ്രസിഡന്റും നൈജീരിയ NSPRI എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊ. ലതീഫ് ഒ. സന്നി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. ആർ. സെൽവരാജൻ (ഡയറക്ടർ, ICAR-നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി), ഡോ. ഹ്യൂഗോ കാംപോസ് (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ഇന്റർനാഷണൽ പൊട്ടറ്റോ സെന്റർ, പെറു), പ്രൊ. മൈക്കൽ അബ്ബർട്ടൺ (ഡയറക്ടർ, IITA, വെസ്റ്റ് ആഫ്രിക്ക), പ്രൊ. ആൻഡ്രൂ വെസ്റ്റ്‌ബി (ഡെപ്യൂട്ടി വൈസ് ചാൻസലർ, റിസർച്ച് ആൻഡ് നോളഡ്ജ് എക്സ്ചേഞ്ച്, ഗ്രീൻവിച്ച് സർവകലാശാല, യു.കെ.), ഡോ. ജാൻ ഡബ്ല്യു. ലോ (വേൾഡ് ഫുഡ് പ്രൈസ് നേടിയ ശാസ്ത്രജ്ഞ, കെനിയ) എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ വിശിഷ്ടാതിഥികളാവും. ISRC പ്രസിഡന്റും തിരുവനന്തപുരം ICAR-CTCRI ഡയറക്ടറുമായ ഡോ. ജി. ബൈജു സ്വാഗതം ആശംസിക്കും. ISRC സെക്രട്ടറി ഡോ. ടി. മകേഷ്‌കുമാർ, , നന്ദിപറയും.
നവംബർ 17 മുതൽ 21 വരെ നടക്കുന്ന പരിപാടി ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സുമായി ചേർന്ന് (ISRC) സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ജൈവവൈവിധ്യവും വിള മെച്ചപ്പെടുത്തലും, സുസ്ഥിര വിഭവ പരിപാലനം,രോഗ-കീട കലാവസ്ഥാ സമ്മർദ്ദങ്ങൾ, ദ്വിതീയ കൃഷി-മൂല്യ വർദ്ധനവ്, സാങ്കേതികവിദ്യയുടെ കൈമാറ്റവും വാണിജ്യവൽക്കരണവും,വാഴ ഗവേഷണം (ഒരു പ്രത്യേക സെഷൻ) എന്നിങ്ങനെ ആറു പ്രമുഖ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഈ സിംപോസിയത്തിൽ ഏഴ് മുഖ്യ പ്രഭാഷണങ്ങൾ, 35 പ്രധാന പ്രഭാഷണങ്ങൾ, 96 ഓറൽ പ്രസന്റേഷനുകൾ, 149 പോസ്റ്റർ പ്രസന്റേഷനുകൾ എന്നിവ ശാസ്ത്രജ്ഞർ അവതരിപ്പിക്കും. നവംബർ 20-ന് കിഴങ്ങുവിള മൂല്യ ശൃംഖലയുയുടെ വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായികൾ, സംരംഭകർ, കർഷകർ തുടങ്ങിയവരുമായുള്ള വിശദമായ വിഷയാവതരണങ്ങളും തുടർന്നുള്ള ചർച്ചയും സിറ്റിസിആർഐ സന്ദർശനവും സംഘടിപ്പിക്കും. ലോകത്തിൻ്റെ ആറു ഭൂഖണ്ഡങ്ങളിൽ നിന്നായി 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള 90-ലധികം അന്താരാഷ്ട്ര പ്രതിനിധികളും ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറിലധികം പ്രതിനിധികളും പങ്കെടുക്കും.
ഉഷ്ണമേഖലാ കിഴങ്ങുവർഗങ്ങൾ 120-ലധികം രാജ്യങ്ങളിൽ കൃഷി ചെയ്യുന്നു.ഭക്ഷ്യ ഊർജം നൽകുന്ന മുഖ്യ ഭക്ഷണവിളകളെടുത്താൽ ചോളം, അരി, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവ കഴിഞ്ഞാൽ അഞ്ചാം സ്ഥാനത്തുള്ള കിഴങ്ങു വിളകൾ ലോകത്തിലെ ഏകദേശം 200 കോടിയോളം ജനങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കും ജീവിത സുരക്ഷയ്ക്കും അഭിവാജ്യ ഘടകമാണ്. ഇന്ത്യയിൽ 4.06 ലക്ഷം ഹെക്ടർ സ്ഥലത്തു നിന്ന് 101.1 ലക്ഷം ടൺ കിഴങ്ങുവിളകൾ ഉൽപാദിപ്പിക്കുന്നു. ഏകദേശം ₹13,000 കോടി രൂപയുടെ വിപണി മൂല്യമുള്ള ഇത് 7.5 കോടി മനുഷ്യദിനങ്ങളുടെ തൊഴിൽ സൃഷ്ടിക്കുന്ന മേഖലയും കൂടിയാണ്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കിഴങ്ങുവർഗങ്ങളിൽ 71% കപ്പയും മധുരക്കിഴങ്ങും ആണ്. മരച്ചീനി ഉത്പാദനത്തിന്റെ ഏകദേശം 60% വ്യാവസായിക ആവശ്യങ്ങൾക്കാണ് (സ്റ്റാർച്ച്, സാഗോ, ബേക്കറി, നാടൻ സ്നാക്കുകൾ മുതലായവ) ഉപയോഗിക്കുന്നത്; കൂടാതെ 22% പാചകം ചെയ്ത ആഹാരമായും ബാക്കി 18% മൃഗ ഭക്ഷണത്തിനുമാണ് ഉപയോഗിക്കുന്നത്. ഉയർന്ന വിളവെടുപ്പ് ശേഷി (ഹെക്ടറൊന്നിന് 40–80 ടൺ വരെ വിളവ് നൽകാനുള്ള കഴിവ്), കാലാവസ്ഥാ പ്രതിരോധശേഷി, പുനരുദ്ധാരണ കൃഷിരീതികൾക്ക് അത്യുത്തമം, ഭക്ഷണം, മൃഗാഹാരം, വ്യവസായങ്ങൾ എന്നിവയിലുളള വ്യാപകമായ ഉപയോഗസാദ്ധ്യത എന്നീ ഗുണങ്ങൾ കാരണം ഇവയെ ഭാവിയിലെ സ്മാർട്ട് വിളകളായാണ് ലോകത്താകമാനം കാണുന്നത്. ജനിതക ശേഷി വർദ്ധിപ്പിക്കൽ, സാധ്യതാ വിളവും ഇന്ന് ലഭിക്കുന്ന വിളവും തമ്മിലുള്ള അന്തരം കുറയ്ക്കൽ, കാലാവസ്ഥാ-സ്മാർട്ട് ഉത്പാദന സാങ്കേതിക വിദ്യകൾ വികസിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനം മൂലം പുതിയ കീട-രോഗങ്ങളുടെ ആക്രമണത്തെ നേരിടൽ, നൂതന മൂല്യവർധിത ഭക്ഷ്യോൽപ്പന്നങ്ങൾ, വ്യവസായ- മെഡിക്കൽ ഉൽപ്പന്നങ്ങൾ, മൃഗാഹാരം, മികച്ച യന്ത്രവൽക്കരണം തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നുള്ള ഗവേഷണ പദ്ധതികൾ നടക്കുന്നത്. അഞ്ചുദിവസമായി നടക്കുന്ന സിംപോസിയം കിഴങ്ങുവിള ഗവേഷണത്തിന്റെ ഭാവി നയരൂപീകരണവും പ്രധാന പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ഗവേഷണ പദ്ധതികളുടെ മുൻഗണനാക്രമവും നിശ്ചയിക്കുന്നതും അതിന്റെ അടിസ്ഥാനത്തിലുള്ള ദേശീയ-അന്തർദേശീയ സഹകരണവും വ്യക്തമായ പ്രവർത്തന രേഖ തയ്യാറാക്കലും ലക്ഷ്യമിടുന്നു.


