നമ്പറുകൾ ഇല്ലെങ്കിലും ഇനി മുതൽ വാട്സ്ആപ്പിൽ പരസ്പരം മെസേജ് അയക്കാം ;പുത്തൻ അപ്ഡേറ്റുമായി മെറ്റ എത്തുന്നു
ഫോൺ നമ്പറുകൾ മറച്ചു വെച്ച് യൂസർനെയിം വഴി പരസ്പരം ആശയവിനിമയം നടത്താം
 
                                    നമ്പറുകൾ ഇല്ലെങ്കിലും ഇനി മുതൽ വാട്സ്ആപ്പിൽ പരസ്പരം മെസേജ് അയക്കാൻ കഴിയും. പകരം കൊണ്ടുവരുന്നത് യുസർ നെയിം ആണ്. ആ യൂസർ നെയിം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരസ്പരം മെസ്സേജ് അയക്കാനുള്ള അപ്ഡേറ്റ് ആണ് മെറ്റ പുറത്തിറക്കാൻ പോകുന്നത്. ഇതോടെ സന്ദേശം അയക്കാൻ നമ്പറുകൾക്ക് പകരം ഉപയോക്താക്കളുടെ യൂസർ നെയിമുകൾ കൈമാറിയാൽ മതിയാകും. ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് മെറ്റയുടെ പുതിയ പരിഷ്‌കാരം എത്തുന്നത്. വരുന്ന മാസങ്ങളിൽ തന്നെ ഈ പുതിയ അപ്ഡേറ്റ് എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും. നിലവിൽ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.24.18.2 ൽ പുതിയ ഫീച്ചർ ലഭ്യമാണ്.അതേസമയം പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്നു തരത്തിലാണ് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയുന്നത്. അതിൽ ഒന്ന്, ഇപ്പോൾ ഉപയോഗിക്കുന്നത് പോലെ തന്നെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് തുടർന്നും ഉപയോഗിക്കാം എന്നതാണ്. മറ്റൊന്ന് ഫോൺ നമ്പറുകൾ ഉപയോഗിച്ച് തുടങ്ങിയ വാട്സ്ആപ്പ് അക്കൗണ്ടുകളിൽ നിങ്ങൾക്ക് പുതിയ ഒരു യൂസർനെയിം കൂടി ഉണ്ടാക്കാം. ശേഷം ഫോൺ നമ്പറുകൾ മറച്ചു വെച്ച് യൂസർനെയിം വഴി പരസ്പരം ആശയവിനിമയം നടത്താം. മൂന്നാമത്തേത് യൂസർനെയിമിനൊപ്പം പിൻനമ്പർ കൂടി കൂട്ടിച്ചേർക്കാം. അതായത് മറ്റുള്ളവർക്ക് നിങ്ങളുടെ വാട്സ്ആപ്പിലേക്ക് സന്ദേശം അയക്കണമെങ്കിൽ നിങ്ങളുടെ ഈ നാലക്ക പിൻനമ്പർ അവർ അറിഞ്ഞിരിക്കണം. ആവശ്യമുണ്ടെങ്കിൽ മാത്രം ഈ ഫീച്ചർ തിരഞ്ഞെടുത്താൽ മതിയാകും. എന്തായാലും വർഷങ്ങൾ ആയുള്ള വാട്സ് ആപ്പിന്റെ ഈ ഒരു പോരായ്മ പരിഹരിച്ചിരിക്കുകയാണ് മെറ്റ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            