വനം വികസന കോർപറേഷന് അൻപതു വികസനവർഷങ്ങൾ

സുവർണജൂബിലി ആഘോഷങ്ങൾ ജനുവരി 24ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Jan 21, 2025
വനം വികസന കോർപറേഷന് അൻപതു വികസനവർഷങ്ങൾ
forest development corporation

കോട്ടയം: പ്രതീക്ഷകൾക്കുമപ്പുറത്തേക്ക് പടർന്നു പന്തലിച്ച വടവൃക്ഷമായി കേരള വനം വികസന കോർപറഷൻ.  കേരളത്തിന്റെ വനവിഭവങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ  നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ 1975ൽ ആരംഭിച്ച  കോർപറേഷൻ സുവർണ ജൂബിലിത്തിളക്കത്തിൽ.  വനവത്കരണം, വനസംരക്ഷണം, പ്ലാന്റേഷൻ എന്നിവയ്ക്കു പുറമേ ടൂറിസം രംഗത്തും മികവാർന്ന പ്രവർത്തനമാണ്  കോർപറഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.

തുടക്കം

 1972ലെ ദേശീയ കാർഷിക കമ്മിഷൻ റിപ്പോർട്ടിൽ മരത്തടി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ആവശ്യകത കണക്കാക്കുകയും മരങ്ങൾ നട്ടുവളർത്തേണ്ടതിനെപ്പറ്റി എടുത്തു പറയുകയും ചെയ്തിരുന്നു. പ്രത്യേകിച്ചും കടലാസ് വ്യവസായത്തിനാവശ്യമായ പൾപ്പ് നിർമാണത്തിനുതകുന്ന മരങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ വളർത്തിയെടുക്കണമെന്നും നിഷ്‌കർഷിച്ചു. ഈ പശ്ചാത്തലത്തിലാണ്  വനം വികസന കോർപറേഷന് രൂപം നൽകാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്.
1975 ജനുവരി 24ന് കോട്ടയം കേന്ദ്രമായി  കോർപറേഷൻ ആരംഭിച്ചു. നാഗമ്പടത്ത് ചെമ്പരത്തിമൂട്ടിൽ വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. പിന്നീട് കാരാപ്പുഴയിൽ സ്ഥലം ലഭിച്ചതോടെ അങ്ങോട്ടേക്കു മാറ്റി.
ആറു ഡിവിഷനുകളാണു കോർപറേഷനുള്ളത് -തിരുവനന്തപുരം, പുനലൂർ, ഗവി, മൂന്നാർ, തൃശൂർ, മാനന്തവാടി. ഈ ഡിവിഷനുകൾക്കു കീഴിലുള്ള തോട്ടങ്ങളാണ് (പ്ലാന്റേഷനുകൾ) പ്രധാനവരുമാനം. ആറു ഡിവിഷനുകളിലുമായി  10053.834 ഹെക്ടർ ഭൂമിയാണ് കോർപറേഷനുള്ളത്. ഇതിൽ മൂവായിരം ഹെക്ടറിൽ നാണ്യവിളകളാണ്.
തൃശൂർ, പുനലൂർ ഡിവിഷനുകളിൽ ചന്ദനം, തേക്ക് എന്നിവയുടെ പ്ലാന്റേഷനാണ് പ്രധാനമായും. ഗവി, മൂന്നാർ എന്നിവിടങ്ങളിൽ ഏലവും. മറയൂരിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ചന്ദന ഫാക്ടറിയുമുണ്ട്.

സർക്കാരിന്റെ അധീനതയിലുള്ള വനമേഖലകളും മറ്റു സ്ഥലങ്ങളും ഏറ്റെടുത്തും വില കൊടുത്തുവാങ്ങിയും  പാട്ടത്തിനെടുത്തുമായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. യൂക്കാലിപ്റ്റസ്, അൽബീസിയ, പൈൻ മരങ്ങൾ, തേക്ക്, ഈട്ടി, മുള തുടങ്ങിയവ വ്യാവസായികാടിസ്ഥാനത്തിൽ നട്ടുവളർത്തുന്നതിലും ശ്രദ്ധിച്ചു.
റബ്ബർ, കുരുമുളക്, ഏലം, കശുവണ്ടി, കൊക്കോ തുടങ്ങിയ നാണ്യവിളകൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയെന്ന ലക്ഷ്യവും കോർപ്പറേഷനുണ്ടായിരുന്നു. വനവിഭവങ്ങളുടെ സുസ്ഥിരമായ ലഭ്യത ഉറപ്പുവരുത്തുകയെന്നതായിരുന്നു മറ്റൊരു ലക്ഷ്യം.

നേട്ടങ്ങളുടെ വഴിയേ കോർപറേഷൻ

  ടൂറിസം മേഖലയിൽ  8.44 കോടി (നികുതി കൂടാതെ) രൂപയുടെ വിറ്റുവരവുമായി
ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് 2023-24 വർഷം കോർപറേഷനുണ്ടായത്. പ്രളയം, കോവിഡ് എന്നിവ ഉയർത്തിയ പ്രതിസന്ധികൾക്കു ശേഷം മെല്ലെപ്പോയിരുന്ന ടൂറിസം മേഖലയിൽ ഉണ്ടായ മുന്നേറ്റം ഈ നേട്ടത്തിനു കാരണമായി.  മീശപ്പുലിമല, സൂര്യനെല്ലിക്കു സമീപം ആനയിറങ്കൽ, ഗവി, വാഗമൺ, നെല്ലിയാമ്പതി,അരിപ്പ, കല്ലാർ എന്നിവിടങ്ങളിലാണ് കോർപ്പറേഷന് ടൂറിസം കേന്ദ്രങ്ങളുള്ളത്. തിരുവനന്തപുരത്തെ കാടഞ്ചിറയിൽ തൈകൾ ഉദ്പാദിപ്പിക്കുന്നതിന് സ്വന്തമായി നഴ്‌സറിയുമുണ്ട്. മൂന്നാറിലും വാഗമണ്ണിലും പൂച്ചെടികളുടെ നഴ്‌സറിയും ഉണ്ട്. മറയൂരിലെ ചന്ദനഫാക്ടറി  ചന്ദനത്തൈലം നിർമിക്കുന്ന കേരളത്തിലെ ഏക ഫാക്ടറിയാണ്.
കോർപറേഷൻ ഉത്പാദിപ്പിക്കുന്ന ഏലം, കാപ്പിപ്പൊടി, ചന്ദനം ഉത്പന്നങ്ങൾ ഫ്‌ളിപ്പ് കാർട്ട്, ആമസോൺ, കേരളാ- ഇ മാർക്കറ്റ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും വിൽപ്പന ആരംഭിച്ചതോടെ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


ആഘോഷപരിപാടികൾ ജനുവരി 24ന്  മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരള വനം വികസന കോർപ്പറേഷൻ  (കെ.എഫ്.ഡി.സി.)
സുവർണ ജൂബിലി  ജനുവരി 24 മുതൽ അടുത്തവർഷം ജനുവരി 23 വരെ നീളുന്ന പരിപാടികളോടെ ആറു ഡിവിഷനുകളിലായി വിപുലമായി നടത്തും. ജനുവരി 24നു രാവിലെ 10.30ന് കാരാപ്പുഴയിലെ കെ.എഫ്.ഡി.സി. മുഖ്യകാര്യാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾ വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സഹകരണ-ദേവസ്വം-തുറമുഖ വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
എം.പി.മാരായ കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.എഫ്.ഡി.സി. ചെയർപേഴ്‌സൺ ലതികാ സുഭാഷ്, വനം-വന്യജീവി വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗാ സിങ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പി.സി.സി.എഫ്.(എഫ്.എം) രാജേഷ് രവീന്ദ്രൻ, കെ.എഫ്.ഡി.സി. ഡയറക്ടർമാരായ ജോർജ് വി. ജെന്നർ, കെ.എസ്. ജ്യോതി, പി. ആർ. ഗോപിനാഥൻ, അബ്ദുൽറസാഖ് മൗലവി, ആർ.എസ്. അരുൺ, നഗരസഭാംഗം എൻ.എൻ. വിനോദ്, കെ.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ ജോർജി പി. മാത്തച്ചൻ, അസിസ്റ്റന്റ് ജനറൽ മാനേജർ വി.എസ്. കിരൺജോസ് എന്നിവർ പ്രസംഗിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.