എരുമേലി പഞ്ചായത്തില്‍ അട്ടിമറി ! കോൺഗ്രസിന്റെ സുബി സണ്ണി ഇനി എൽഡിഎഫിന്റെ പ്രസിഡന്റ്
പതിനൊന്നുമാസക്കാലം പ്രസിഡന്റും കോൺഗ്രസ്സ് ചിഹ്‌നത്തിൽ പാമ്പാവാലിയിൽ നിന്നും വിജയിച്ച സുബി സണ്ണി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡന്റായി
നിലവിൽ ഭരണം അട്ടിമറിക്കാനുള്ള സാധ്യത ഇല്ലെന്നായിരുന്നു തെരെഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ യു ഡി എഫ് നേതൃത്വം കരുതിയിരുന്നത്. പൊരിയന്മല വാർഡ് അംഗം ലിസി സജിയെ ആണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കോൺഗ്രസ് തീരുമാനിച്ചിരുന്നത്. 23 അംഗ ഭരണസമിതിയിൽ 11 പേരുള്ള കോൺഗ്രസിന് സ്വതന്ത്ര അംഗം ബിനോയിയുടെ പിന്തുണയിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.
പ്രതിപക്ഷമായ ഇടതുപക്ഷത്ത് 11 അംഗങ്ങൾ ആണുള്ളത്. കഴിഞ്ഞ മാർച്ച് ആറിനാണ് ഉമ്മിക്കുപ്പ വാർഡ് അംഗം ജിജിമോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് മാസത്തേക്കാണ് മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ലഭിച്ചതെങ്കിലും കാലാവധി കഴിഞ്ഞും ഒരു മാസത്തോളം പ്രസിഡന്റ് സ്ഥാനത്ത് ജിജിമോൾ തുടർന്നതിനൊടുവിൽ നേതൃത്വത്തിന്റെ നിർദേശപ്രകാരം രാജി വെക്കുകയായിരുന്നു. കോൺഗ്രസ് 11, സിപിഎം 10, സിപിഐ - ഒന്ന്, സ്വതന്ത്രൻ - ഒന്ന് എന്നിങ്ങനെ ആണ് 23 അംഗങ്ങൾ ഉള്ള ഭരണസമിതിയിലെ കക്ഷി നില. സ്വതന്ത്രന്റെ പിന്തുണയിൽ കോൺഗ്രസ് ആണ് നിലവിൽ ഭരണം കയ്യാളിയിരുന്നത്.
സ്വതന്ത്രന്റെ പിന്തുണയിൽ കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും ഒരു വോട്ട് അസാധു ആയത് മൂലം തുല്യ വോട്ടിനെ തുടർന്ന് നറുക്കെടുപ്പിലൂടെ ഇടതുപക്ഷത്തിനാണ് ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. അവിശ്വാസ പ്രമേയം പാസാക്കി കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഭരണം കോൺഗ്രസ് തിരിച്ചു പിടിക്കുകയായിരുന്നു. പമ്പാവാലി വാർഡ് അംഗം സുബി സണ്ണിയാണ് പ്രസിഡന്റ് ആയത്. സുബിയ്ക്കും തുടർന്ന് ജിജിമോൾക്കും തുടർന്ന് ലിസി സജിയ്ക്കും ഇതിന് ശേഷം ഒഴക്കനാട് വാർഡ് അംഗം അനിതയ്ക്കും പ്രസിഡന്റ് സ്ഥാനമെന്നാണ് കോൺഗ്രസിലെ മുൻ ധാരണയായി പറയപ്പെടുന്നത്. എന്നാൽ പ്രസിഡന്റ് സ്ഥാനം പലർക്കായി വീതം വെച്ച് നൽകുന്ന ഈ ധാരണയോട് പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു .