എരുമേലി -ചതുരംഗപ്പാറ ആദ്യഉല്ലാസയാത്ര 28 ന് ,സീറ്റ് ഫുള്ളായി ,മെയ് ഒന്നിന് അടുത്ത ഉല്ലാസ ട്രിപ്പ് ബുക്കിങ് തുടങ്ങി
ഏപ്രിൽ 28 ന്റെ ചതുരംഗപ്പാറ ട്രിപ്പിന്റെ ടിക്കറ്റ് ഫുള്ളായി .അടുത്ത ഉല്ലാസയാത്ര മെയ് ഒന്നിനാണ്
എരുമേലി :എരുമേലി കെ എസ് ആർ ടി സി നടപ്പിലാക്കുന്ന ഉല്ലാസ യാത്ര വിജയത്തിലേക്ക് ;ഏപ്രിൽ 28 ന്റെ ചതുരംഗപ്പാറ ട്രിപ്പിന്റെ ടിക്കറ്റ് ഫുള്ളായി .അടുത്ത ഉല്ലാസയാത്ര മെയ് ഒന്നിനാണ് .യാത്രക്കുള്ള ബുക്കിങ് ആരംഭിച്ചു . കുറഞ്ഞ ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്.
മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടാസ്വദിക്കാവുന്ന മനസിന് സന്തോഷം നൽകുന്ന ചതുരംഗപാറയിലേയ്ക്ക് ആണ് ആദ്യ യാത്ര.തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മലക്കപ്പാറയ് യാത്രക്കുള്ള നിയന്ത്രണം ഇല്ലാതാകുന്നതോടെ അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ യാത്രകളും എരുമേലിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യും..എരുമേലിയിൽ നിന്നാരംഭിച്ച് കല്ലാർകുട്ടി ഡാം,എസ് എൻ പുരം വെള്ളച്ചാട്ടം,പൊന്മുടി ഡാം,കള്ളിമാലി വ്യൂ പോയിന്റ് എന്നിവിടങ്ങളിലൂടെ പൂപ്പാറയിലെ മനോഹരമായ തേയില തോട്ടങ്ങൾ വഴി ചതുരംഗ പാറയിൽ എത്തുന്നതാണ് ട്രിപ്പ്.കാറ്റാടിപാടങ്ങളിലെ ഭീമാകാരമായ കാറ്റാടി യന്ത്രങ്ങളും,സദാസമയം വീശിയടിക്കുന്ന കാറ്റും..താഴെ വിശാലമായ തമിഴ്നാടിന്റെ കൃഷിയിടങ്ങളും ഗ്രാമ കാഴ്ചകളും നുകർന്ന് തിരികെ വരും വഴി സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ ആയ മൂന്നാർ ഗ്യാപ് റോഡിൽ എത്തി ചിത്രങ്ങൾ പകർത്തി എരുമേലിയ്ക്ക് മടങ്ങുന്നതാണ് ട്രിപ്പ്.അതിരപ്പള്ളി, വാഴച്ചാൽ മലക്കപ്പാറ ട്രിപ്പും നിയന്ത്രണങ്ങൾ മാറിയാൽ ഉടൻ ആരംഭിക്കുമെന്ന് ട്രിപ്പ് കോർഡിനേറ്റർ അനൂപ് അയ്യപ്പൻ പറഞ്ഞു .എരുമേലി ചതുരംഗപ്പാറ 830 രൂപയും മലക്കപ്പാറ 920 രൂപയും ആണ് ടിക്കറ്റ് ചാർജ്.