എരുമേലി ചന്ദനക്കുടാഘോഷം കാണാൻ എത്തിയത് ആയിരങ്ങൾ
അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവുമായി ജമാഅത്ത് ഹാളിൽ നടന്ന സൗഹൃദ സമ്മേളനം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു
എരുമേലി:ചന്ദനക്കുടാഘോഷം കാണാൻ എത്തിയത് ആയിരങ്ങൾ. ഇന്നലെ രാത്രി 7.30ഓടെയാണ് ചന്ദനക്കുട ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. എല്ലാവരും ഒന്നാണ് എന്ന സന്ദേശം പകരുകയാണ് എരുമേലിയിലെ ചന്ദനക്കുടവും പേട്ടതുള്ളലുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എരുമേലിയിലെ വിമാനത്താവള നിർമാണം ഉടൻ ആരംഭിക്കാൻ സംസ്ഥാന സർക്കാരിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.നാനാജാതി മതസ്ഥർ കൈപിടിച്ച് സ്നേഹത്തോടെ ഒരുമിക്കുന്ന വിദ്വേഷമില്ലാത്ത എരുമേലിയാണ് രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ്, അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, പ്രഫ. ലോപ്പസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ജമാഅത്ത് സെക്രട്ടറി മിഥുലാജ് പുത്തൻവീട് തുടങ്ങിയവർ പ്രസംഗിച്ചു.വൈകുന്നേരം നാലിന് അമ്പലപ്പുഴ പേട്ടതുള്ളൽ സംഘവുമായി ജമാഅത്ത് ഹാളിൽ നടന്ന സൗഹൃദ സമ്മേളനം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ സമൂഹ പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയ്ക്കും ഭാരവാഹികൾക്കും സ്വീകരണം നൽകി. മസ്ജിദിൽനിന്നു പുറപ്പെട്ട ചന്ദനക്കുട ഘോഷയാത്രയ്ക്ക് നാടെങ്ങും സ്വീകരണം നൽകി. വിവിധ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മിഴിവേകി. കൊച്ചമ്പലത്തിലും വലിയമ്പലത്തിലും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.വിവിധ സർക്കാർ വകുപ്പുകളും സംഘടനകളും സ്വീകരിച്ച ഘോഷയാത്ര പുലർച്ചെയാണ് സമാപിച്ചത്.