വയനാട് ജില്ലയിലെ കുറുവാ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിച്ചു
കുറുവാദ്വീപിൽ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും നിയമങ്ങളും പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ.

വയനാട് : ജില്ലയിൽ മഴകുറഞ്ഞ സാഹചര്യത്തിൽ കുറുവാദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു. കുറുവാദ്വീപിൽ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും നിയമങ്ങളും പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ.യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ചു. യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുക്കുന്നതിൽ സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാൽ മാത്രമേ ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകുകയുള്ളൂയെന്നും ഉത്തരവിലുണ്ട്.
നീർച്ചാലുകൾ, തണ്ണീർത്തട സംരക്ഷണനിയമം അനുശാസിക്കുന്ന പ്രദേശങ്ങളിൽ മണ്ണ് നിക്ഷേപിച്ചാൽ നടപടി സ്വീകരിക്കും. മണ്ണ് നീക്കംചെയ്ത് അപകടമുണ്ടായാൽ അനുമതി നൽകുന്ന വകുപ്പിനായിരിക്കും പൂർണ ഉത്തരവാദിത്വം. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, ചുവപ്പ് ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിക്കുമ്പോഴും ശക്തമായ മഴപെയ്യുന്ന സാഹചര്യങ്ങളിലും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിർത്തിവെക്കണം.