സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു

Jan 9, 2026
സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാനന്തവാടി ബ്ലോക്കിലെ വിവിധ സി.ഡി.എസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. 18 മുതല്‍ 40 വയസ് പ്രായമുള്ള യുവതികള്‍ക്കായി കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് ഓക്‌സിലറി ഗ്രൂപ്പ്. കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ സജീവമായ പ്രവര്‍ത്തനങ്ങളും ഓക്‌സിലറി ഗ്രൂപ്പുകളുടെ ഭാഗമായി നടത്തിവരുന്നുണ്ട്. എരുമത്തെരുവ് ഗ്രീന്‍സ് റസിഡന്‍സിയില്‍ നടത്തിയ പരിപാടിയില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരായ വി.എസ് ജീന, ടിന്റോ ഷാജി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മാനന്തവാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെള്ളമുണ്ട സി.ഡി.എസ് കേന്ദ്രങ്ങളിലെ 38 ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ഓക്‌സിലറി റിസോഴ്‌സ്‌പേഴ്‌സണ്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു.