മുണ്ടൂരിലെ കാട്ടാന ആക്രമണം; പ്രതിഷേധത്തിനിടെ അലൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്
പഞ്ചായത്തിൽ സിപിഎം ഹർത്താൽ

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് മാർച്ചും നടത്തും.
മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകൾ. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടൻോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തിൽ കുളിച്ച അലൻ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിൻറെ വലതുഭാഗത്തും പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം അലൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കലക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആ൪ആ൪ടി അംഗങ്ങളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.