മീറ്റര്‍ റീഡിങ്ങിനൊപ്പം വൈദ്യുതി ബില്ല് അടയ്ക്കാം; പേ സ്വിഫ് സംവിധാനവുമായി കെഎസ്ഇബി
പേ സ്വിഫ് സംവിധാനം ആദ്യം എടപ്പാളില്‍

എടപ്പാള്‍ : മീറ്റര്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള പേ സ്വിഫ് സംവിധാനം ആദ്യം എടപ്പാളിൽ നടപ്പിലാക്കി കെഎസ്ഇബി.മീറ്റര്‍ റീഡര്‍ വീട്ടിലെത്തി ഉപഭോക്താവിന്റെ സാന്നിധ്യത്തില്‍ റീഡിങ് എടുക്കുമ്പോള്‍ത്തന്നെ റീഡറുടെ കൈയിലുള്ള പിഒഎസ് ഉപകരണത്തിലൂടെ ബില്ലടയ്ക്കാനാവുന്നതാണ് സംവിധാനം. പണം അടച്ചാല്‍ അപ്പോള്‍ത്തന്നെ രസീതും ലഭിക്കും. ഓണ്‍ലൈനായി പിന്നീട് പണം അടയ്ക്കുന്നവര്‍ക്ക് അങ്ങനെയുമാവാം.
ഇപ്പോള്‍ റീഡിങ് കഴിഞ്ഞ് ബില്‍ ഓണ്‍ലൈന്‍ പെയ്മെന്റ് സിസ്റ്റത്തില്‍ കയറ്റാന്‍ രണ്ടു മൂന്നുദിവസത്തെ കാലതാമസം വരുന്നുണ്ട്. ബില്ല് സിസ്റ്റത്തില്‍ കയറിയാലേ ഇപ്പോള്‍ ബില്ല് അടയ്ക്കാനാവുന്നുള്ളൂ. പുതിയ സംവിധാനം നിലവിലാവുന്നതോടെ റീഡിങ് എടുക്കുന്ന സമയത്തുതന്നെ പിഒഎസ് സംവിധാനത്തിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ചെയ്ത് പണമടയ്ക്കാം. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുപയോഗിച്ചും പണമടയ്ക്കാം.കെല്‍ട്രോണ്‍ ആണ് പിഒഎസ് യന്ത്രസംവിധാനത്തിന്റെ ചുമതലക്കാര്‍. പദ്ധതി നടപ്പാക്കാന്‍ ആറുമാസം മുന്‍പ് കെഎസ്ഇബി തീരുമാനിച്ചതാണെങ്കിലും നടപ്പിലായിരുന്നില്ല.
മീറ്റര്‍ റീഡിങ്ങിന് പിഒഎസ് യന്ത്രം നല്‍കിയെങ്കിലും അതുവഴി പണമടയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. പുതിയ സംവിധാനമനുസരിച്ചുള്ള പണമടയ്ക്കല്‍ ആദ്യഘട്ടത്തില്‍ എടപ്പാള്‍ കെഎസ്ഇബിയിലാണ് നടപ്പാക്കുന്നത്. അടുത്തമാസത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും.