തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു(ഡിസംബർ 13 ശനി) നടക്കും. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനു പുറമെ ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ വോട്ടുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എണ്ണും. ജില്ലാ പഞ്ചായത്ത് ഹാളിലാണ് ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൗണ്ടിംഗ് ടേബിളിൽ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിംഗ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.
വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണും.
സ്ഥാനാർഥികളുടെയോ സ്ഥാനാർഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.
ലീഡ് നിലയും ഫലവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://trend.sec.kerala.gov.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഫലം പൊതുജനങ്ങളെ അറിയിക്കുന്നതിനായി അനൗൺസ്മെന്റുണ്ടാകും. ആകെ 5281 സ്ഥാനാർഥികളാണ് (ജില്ലാ പഞ്ചായത്ത്- 83, ബ്‌ളോക്ക് പഞ്ചായത്തുകൾ- 489, ഗ്രാമപഞ്ചായത്തുകൾ- 4032, നഗരസഭകൾ-677) ഇക്കുറി ജില്ലയിൽ ജനവിധി തേടിയത്.
ഫോട്ടോക്യാപ്ഷൻ:
1 കോട്ടയം നഗരസഭയിലെ വോട്ടുകൾ എണ്ണുന്ന ബേക്കർ സ്മാരക ഗേൾസ് സ്‌കൂളിലെ കൗണ്ടിംഗ് ഹാളിൽ മേശകൾ സജജമാക്കുന്നു.
2 കോട്ടയം നഗരസഭയിലെ വോട്ടെടുപ്പ് നടത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുളള ബേക്കർ സ്മാരക ഗേൾസ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമിനു കാവൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ.
3. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ വോട്ടുകൾ എണ്ണുന്നതിന് ജില്ലാ പഞ്ചായത്ത് ഹാൾ സജ്ജമാക്കുന്നു.
ആഹ്‌ളാദ പ്രകടനങ്ങളിൽ നിയന്ത്രണം വേണം
തിരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗത തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പാടുള്ളൂ. ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണം.


