സംസ്ഥാനത്ത് 1637 പത്രിക സ്വീകരിച്ചു; 337 എണ്ണം തള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളിൽ സൂക്ഷ്മപരിശോധനയ്ക്കുശേഷം 1637 എണ്ണം സ്വീകരിച്ചു. 337 എണ്ണം തള്ളി. രണ്ടുപേർ പത്രിക പിൻവലിച്ചു. സൂക്ഷ്മപരിശോധനയ്ക്കിടെ പലയിടത്തും നാടകീയ രംഗങ്ങൾ അരങ്ങേറി.
വരുമാനം മറച്ചുവച്ചെന്ന പരാതിയില്‍ പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അപരന്റെ പത്രിക തള്ളി. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്റെ നാല് അപരന്മാരുടെയും പത്രികകൾ സ്വീകരിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ പത്രിക തള്ളി.
വി.ഡി. സതീശൻ പത്രികയിൽ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനവും ഔദ്യോഗിക വാഹനത്തിനു മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശികയും കൈവശമുള്ള സ്വർണത്തിന്റെ കൃത്യമായ വിപണി മൂല്യവും ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയും വരണാധികാരി തള്ളി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം കോടതിയിൽ കേസുമായി മുന്നോട്ടു പോകാമെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചത്.
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ അപരനായി മത്സരിച്ച പാതിരപ്പള്ളി സ്വദേശി സുധാകരന്റെ പത്രികയാണ് തള്ളിയത്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എൽഡിഎഫ് പറയുന്നു. അന്‍വര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഒരു കേസിന്റെ വിവരം ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി.
കോഴിക്കോട് എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ മത്സരിക്കാനൊരുങ്ങിയ പി.കെ. ശശീന്ദ്രന്റെ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക സ്വീകരിച്ച് മേശപ്പുറത്ത് വച്ച രസീതുമായി ഒരാൾ ഇറങ്ങിയോടി. കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോവൂർ കുഞ്ഞുമോൻ സ്വതന്ത്രനായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർഥിയായും നൽകിയ പത്രികകൾ രണ്ടും സ്വീകരിച്ചു.
വർഗീയ പരാമർശത്തത്തുടർന്ന് വിവാദം ഉണ്ടായ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ പത്രികയും സ്വീകരിച്ചു.


