അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ

Apr 8, 2025
അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി
pinarayi-vijayan

തിരുവനന്തപുരം :  അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് മാസമാണ് ക്യാമ്പയിന്‍ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.

മെയ് ആദ്യവാരം പൊതുവിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, തൊഴിൽ, സാമൂഹ്യ നീതി, വനിത ശിശുക്ഷേമം, ആരോഗ്യം മുതലായ വകുപ്പുകളുടെ യോഗം വിളിച്ച് എസ്. സി. ഇ. ആർ ടി തയ്യാറാക്കിയ പ്രവർത്തനരൂപരേഖ അന്തിമമാക്കും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്കൂൾ പ്രവേശനം സംബന്ധിച്ച രജിസ്റ്റർ സൂക്ഷിക്കണം. ആറ് മാസത്തിൽ ഒരിക്കൽ രജിസ്റ്റർ പരിഷ്കരിക്കണം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഡാറ്റ ഈ രജിസ്റ്ററിൽ പ്രത്യേകം സൂക്ഷിക്കണം.

സീസണൽ മൈഗ്രേഷന്റെ ഭാഗമായി ഓരോ പ്രദേശത്തും വന്ന് പോകുന്ന അതിഥി തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മാറിപ്പോകുന്ന പ്രദേശത്ത് രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തി പഠനത്തുടർച്ച ഉറപ്പാക്കണം.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ പരിശോധന സംവിധാനവും ആവശ്യമെങ്കില്‍ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കണം. ശുചിത്വം, ലഹരി ഉപയോഗം, ആരോഗ്യ ശീലങ്ങൾ മുതലായ കാര്യങ്ങളിൽ ബോധവൽക്കരണം നടത്തണം.

വാർഡ് / തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ അവധി ദിവസങ്ങളിൽ കലാ-കായിക, സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പൊതു ഇടങ്ങൾ സൃഷ്ടിച്ച് തദ്ദേശീയരായ കുട്ടികളുമായി ചേർന്ന് സാംസ്കാരിക വിനിമയത്തിന് അവസരമൊരുക്കണം.
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത രജിസട്രേഷൻ നടത്താൻ പ്രത്യേക പോർട്ടലും മൊബൈൽ അപ്ലിക്കേഷനും വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് സഹായകമായ മൊഡ്യൂളുകൾ കൂടി ചേര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. മെയ് 7ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടിയിൽ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ആവിഷ്കരിച്ച റോഷ്നി പദ്ധതി, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിവരുന്ന സമാന പദ്ധതികൾ എന്നിവയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.സി.ഇ. ആർ.ടി സമഗ്ര വിദ്യാഭ്യാസ പരിപാടി ഏപ്രിൽ 30നകം തയ്യാറാക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.