കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്
അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരുതെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു
മലപ്പുറം: കുട്ടികൾ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നൽകുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം ഇത്തരം സമ്പ്രദായം ഉണ്ടാകരുതെന്ന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു. ഈ നിർദേശം സ്കൂളുകൾക്കും കൈമാറാൻ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരെ ചുമതലപ്പെടുത്തി.അധ്യയനവര്‍ഷത്തിലെ അവസാനദിവസം യാത്രയയപ്പിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും വാച്ചുകളും അലങ്കാരവസ്തുക്കളും സമ്മാനമായി നൽകുന്ന രീതി അടുത്തിടെയായി വ്യാപിച്ചിരുന്നു. വൻ തുകയാണ് ഇതിനായി ചില വിദ്യാർഥികൾ ചിലവിടുന്നത്. അധ്യാപകരിൽ ഒരുവിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ചിലർ ഇതിനെ പ്രോൽസാഹിപ്പിച്ചു. ഇതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനവിതരണം ബാധ്യതയായി മാറി.