ഇഎസ്എ പരിധിയില്‍ നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍
ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ അധ്യക്ഷതവഹിച്ചു.
പാറത്തോട്: ഇഎസ്എ പരിധിയില്‍ നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്് പ്രശ്നബാധിത മേഖലകളിലെ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യയും ജനപ്രതിനിധികള്‍ക്ക് ആദരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണത്തിനെതിരേ ശക്തവും കാര്യക്ഷമമവുമായ നടപടികള്‍ വേണം. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ക്രിയാത്മകവും കൂട്ടായതുമായ സത്വര നടപടികള്‍ ഉണ്ടാകണം. ഏലമലക്കാടുകള്‍ പൂര്‍ണമായും റവന്യു വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തി കര്‍ഷകര്‍ക്ക് തടസങ്ങളില്ലാതെ കൃഷിനടത്തി തങ്ങളുടെ ജീവസന്ധാരണം ആര്‍ജിക്കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കണമെന്നാണ് ഇന്‍ഫാം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സുരക്ഷയ്ക്കുവേണ്ടി ഇന്‍ഫാം ഏതറ്റം വരെയും പോകുമെന്ന് യോഗത്തില്‍ സമാപന പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇന്‍ഫാം ഉന്നയിച്ച വിഷയങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരേ മനസോടെ ഒറ്റ നിലപാടാണ് ജനപ്രതിനിധികള്‍ സ്വീകരിക്കുന്നതെന്നത് സന്തോഷകരമാണ്. ഇഎസ്എ വിഷയത്തില്‍ സര്‍ക്കാര്‍ കൊടുത്ത പ്രൊപ്പോസല്‍ പുറത്തുവിടണമെന്നും തങ്ങളുടെ പ്രദേശങ്ങള്‍ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ ജനങ്ങള്‍
അവകാശമുണ്ടെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
യോഗത്തില്‍ ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍ അധ്യക്ഷതവഹിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ വാഴൂര്‍ സോമന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രശ്‌നത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടുകള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ ഉറപ്പു നല്‍കി.
യോഗത്തില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ നന്ദിയും പറഞ്ഞു. ഇന്‍ഫാമിന്റെ ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു.