ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പി‌ന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം

Sep 24, 2025
ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പി‌ന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
dsir/csir

അടങ്കൽ തുക 2277.397 കോടി രൂപ

ന്യൂഡൽഹി : 2025 സെപ്തംബർ   24

ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പി‌ന്റെ “ശേഷിവർധനയും മാ​നവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പിന്റെ  ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ (DSIR/CSIR) സമർപ്പിച്ച പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2021-22 മുതൽ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ ആകെ 2277.397 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുക.

CSIR ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തുടനീളമുള്ള ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ പരീക്ഷണ-ഗവേഷണശാലകൾ, ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ ഇതിൽ ഉൾപ്പെടും. സർവകലാശാലകൾ, വ്യവസായം, ദേശീയ ഗവേഷണ-വികസന പരീക്ഷണശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ എന്നിവയിൽ ജീവി​തം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉത്സാഹഭരിതരായ യുവഗവേഷകർക്ക് ഈ സംരംഭം വിശാലമായ വേദിയൊരുക്കും. പ്രഗത്ഭ ശാസ്ത്രജ്ഞരുടെയും പ്രൊഫസർമാരുടെയും മാർഗനിർദേശത്തോടെ, ഈ പദ്ധതി ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം (STEMM) എന്നീ മേഖലകളിൽ വളർച്ചയ്ക്കും പുരോഗതിക്കും സഹായകമാകും.

ശേഷിവികസന-മാനവവിഭവശേഷി വികസന പദ്ധതി, ദശലക്ഷംപേർക്ക് എത്ര ഗവേഷകർ എന്ന കണക്കു വർധിപ്പിച്ച്, ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) കൈവരിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ ഉയർന്ന നിലവാരമുള്ള മാനവവിഭവശേഷിയുടെ ശേഖരം വർധിപ്പിക്കുന്നതിലൂടെയും വിപുലീകരിക്കുന്നതിലൂടെയും ഈ പദ്ധതി അതിന്റെ പ്രസക്തി തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദശകത്തിൽ ഇന്ത്യാഗവൺമെന്റ് ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണ വികസനത്തിൽ നടത്തിയ ഏകീകൃത ശ്രമങ്ങളുടെ ഫലമായി, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) റാങ്കിങ് പ്രകാരം 2024-ൽ ആഗോള നൂതനാശയ സൂചികയിൽ (GII) ഇന്ത്യ 39-ാം സ്ഥാനത്തേക്കുയർന്നു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള മാർഗനിർദേശത്താൽ സമീപഭാവിയിൽ ഇതു കൂടുതൽ മെച്ചപ്പെടും. ഗവണ്മെന്റിന്റെ ഗവേഷണ വികസനത്തിനുള്ള പിന്തുണയുടെ ഫലമായി, അമേരിക്കയിലെ NSF ഡേറ്റ പ്രകാരം, ശാസ്ത്രീയ പ്രബന്ധ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ മികച്ച മൂന്നു രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾക്കു ഗണ്യമായ സംഭാവന നൽകിയ ആയിരക്കണക്കിനു ഗവേഷകരെയും ശാസ്ത്രജ്ഞരെയും DSIR പദ്ധതി പിന്തുണയ്ക്കുന്നു.

ഈ അംഗീകാരം, CSIR-ന് ഇന്ത്യൻ ശാസ്ത്ര-വ്യാവസായിക ഗവേഷണത്തിനുള്ള 84 വർഷത്തെ സേവനത്തിൽ ചരിത്രപരമായ നാഴികക്കല്ലു സൃഷ്ടിക്കുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ, രാജ്യത്തിന്റെ ഗവേഷണ-വികസന പുരോഗതിക്ക് ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്കുവേണ്ടി വേഗം വർധിപ്പിക്കാനാകും. വിവിധ പദ്ധതികൾ ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന CSIR പദ്ധതിയായ “ശേഷി വികസനവും മാനവവിഭവശേഷി വികസനവും (CBHRD)” ഇനി പറയുന്ന ഉപപദ്ധതികൾ ഉൾക്കൊള്ളുന്നു.

(i)                       ഡോക്ടറൽ, പോസ്റ്റ് ​ഡോക്ടറൽ ഫെലോഷിപ്പുകൾ

(ii)                    എക്സ്ട്രാ മ്യൂറൽ ഗവേഷണ പദ്ധതി, എമെറിറ്റസ് സയന്റിസ്റ്റ് സ്കീം, ഭട്‌നാഗർ ഫെലോഷിപ്പ് പരിപാടി

(iii)                   പുരസ്കാരപദ്ധതിയിലൂടെ മികവിന്റെ പ്രോത്സാഹനവും അംഗീകാരവും

(iv)                  ട്രാവൽ ആൻഡ് സിമ്പോസിയ ഗ്രാന്റ് സ്കീമിലൂടെ അറിവ് പങ്കിടൽ പ്രോത്സാഹിപ്പിക്കൽ

കരുത്തുറ്റ ഗവേഷണ-വികസന നവീകരണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും 21-ാം നൂറ്റാണ്ടിൽ ആഗോള നേതൃത്വത്തിനായി ഇന്ത്യൻ ശാസ്ത്രത്തെ തയ്യാറാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.