അഞ്ചാംദിനം തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം
തിരുവനന്തപുരത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്  ജില്ലാകളക്ടർ അവധി
 
                                    തിരുവനന്തപുരം: 48 മണിക്കൂറിനകം പൂർത്തിയാകുമെന്ന ഉറപ്പുമായി തുടങ്ങിയ പണി അലങ്കോലമായതോടെ നാലാം ദിവസവും തലസ്ഥാനനഗരം കുടിവെള്ളം കിട്ടാതെ പൊറുതികെട്ടു. പ്രതിഷേധ സമരങ്ങൾ തുടരുന്നതിനിടെ, 100 മണിക്കൂർ പിന്നിട്ട വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റൽ പണി ഇന്നലെ രാത്രി 10ഓടെ പൂർത്തിയാക്കി. കുടിവെള്ളവിതരണം പുലർച്ചയോടെ സാധാരണ നിലയിലാകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
കുടിവെള്ളവിതരണം പൂർണമായി മുടങ്ങിയ 33 വാർഡുകളിലും ഭാഗികമായി മുടങ്ങിയ 11 വാർഡുകളിലും ജനങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്നലെയും കണ്ടത്. കുപ്പിവെള്ളം വിലയ്ക്കുവാങ്ങി പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കേണ്ടിവന്ന പലരും വീടുപൂട്ടി ബന്ധുവീടുകളിൽ അഭയംതേടി. തൊണ്ട നനയ്ക്കാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു പലയിടത്തെയും ജനങ്ങൾ.
ഞായറാഴ്ച പുലർച്ചെയോടെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥ തലയോഗശേഷം മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. എന്നാൽ, പൈപ്പ് തുറന്നപ്പോൾ കാറ്റുപോലും പുറത്തേക്കു വന്നില്ല. ഉച്ചയോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പണി നടക്കുന്ന മേഖലകളിലെത്തി പുരോഗതിവിലയിരുത്തി. വൈകിട്ട് നാലോടെ പമ്പിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാൽ, രണ്ടു മന്ത്രിമാരുടെയും ഉറപ്പുകൾ ഫലംകണ്ടില്ല.
കിള്ളിപ്പാലം-ജഗതി ഭാഗത്തെ സി.ഐ.ടി റോഡിൽ സ്ഥാപിച്ച വാൽവിൽ ശനിയാഴ്‌ച ലീക്ക് കണ്ടെത്തിയിരുന്നു. ഇതോടെ വാൽവ് അഴിച്ച് വീണ്ടും സെറ്റ് ചെയ്യേണ്ടിവന്നു. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗത്തിൽ പൂർത്തിയാക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിച്ചിലുണ്ടായതും പണി പുരോഗമിക്കുന്നതിനിടെ വാൽവ് ഫിക്ട് ചെയ്തതിൽ പലതവണ അപാകതയുണ്ടായതും പണി നീളാനിടയായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            