പോളിങ് സാമഗ്രികളുടെ വിതരണം നാളെ; രാവിലെ എട്ടു മുതല്‍ വിതരണം
ജില്ലയിലെ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും പ്രത്യേകം സജ്ജമാക്കിയ വിതരണ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്.
മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ (ഏപ്രില്‍ 25) രാവിലെ എട്ടു മുതല്‍ ജില്ലയിലെ വിതരണ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും പ്രത്യേകം സജ്ജമാക്കിയ വിതരണ കേന്ദ്രങ്ങളിലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും വോട്ടിങ് മെഷീന്‍, വി.വി.പാറ്റ് മെഷീന്‍ എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്കുമാണ്. സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്‍പ് ഡെസ്ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. പ്രത്യേക വാഹനങ്ങളിലായി പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില്‍ പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില്‍ തന്നെയാണ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കേണ്ടത്.
തിരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാര്‍ നേരത്തേ വിതരണ കേന്ദ്രങ്ങളില്‍ എത്തണം. ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനും കൂടെയുള്ള പോളിങ് ടീമിനെയും കണ്ടെത്തിയതിന് ശേഷം അവര്‍ ഒന്നിച്ചെത്തിയാണ് വോട്ടിങ് യന്ത്രവും മറ്റ് പോളിങ് സാമഗ്രികളും കൈപ്പറ്റേണ്ടത്.