46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്

Jan 14, 2026
46 സ്കൂളുകൾക്ക് പാചക ഉപകരണങ്ങൾ വിതരണം ചെയ്ത്  ജില്ലാ പഞ്ചായത്ത്

ഉയരെ പഠന സഹായി പ്രകാശനം

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന  പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് 46 സ്കൂളുകൾക്ക് പ്ലേറ്റ്, ഗ്ലാസ്, ബക്കറ്റ് എന്നിവ വാങ്ങി നൽകിയത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന  വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ഉയരെ പഠനസഹായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നൽകി പ്രകാശനം ചെയ്തു.  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ 14 ലക്ഷം രൂപ ചെലവിട്ടാണ്  പഠന സഹായി തയ്യാറാക്കിയത്. വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരെ ഉൾപ്പെടുത്തി ഡയറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് ഉയരെ പഠന സഹായി തയ്യാറാക്കിയത്. വിദ്യാർത്ഥികളെ  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ  പ്രാപ്തമാക്കുന്ന പീക്ക് ടു പ്രോസ്പർ പദ്ധതിയിലൂടെ തയ്യാറാക്കിയ ചോദ്യപേപ്പറുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു. ജില്ലയിലെ സർക്കാർ, എയ്‍ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇവ പ്രയോജനകരമാവും.  

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, എച്ച്.എം ഫോറം സെക്രട്ടറി ബിനു തോമസ്,  വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനി തോമസ്, പൊതുമരാമത്ത് സ്റ്റാൻ്റിങ്  കമ്മിറ്റി ചെയർമാൻ വി.എൻ ശശീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.