ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം: കെ. ആൻസലൻ
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കം
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പരിപാടിക്ക് തുടക്കം
തിരുവനന്തപുരം : 2024 ഡിസംബർ 03
നെയ്യാറ്റിൻകര: കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാർ എല്ലാ മേഖലകളിലും നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനായി സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടികൾ അനിവാര്യമാണെന്നും നെയ്യാറ്റിൻകര എം എൽഎ കെ. ആൻസലൻ.
ജീവിത സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വിവിധ സർക്കാർ വകുപ്പുകൾ സഹകരിച്ച് ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കണം. ബോധവത്ക്കരണ പരിപാടികളിൽ പങ്കെടുക്കുന്നവർ തങ്ങളുടെ ചുറ്റുമുള്ളവരിലേക്കും സർക്കാർ പദ്ധതികളെക്കുറിച്ചുള്ള അറിവുകൾ പകർന്നു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രാലയത്തിൻ്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം മേഖല ഓഫീസ് സംഘടിപ്പിക്കുന്ന സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും കാർഗിൽ ചിത്രപ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിൻകര നഗരസഭ, ഐസിഡിഎസ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെ നെയ്യാറ്റിൻകര ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ നെയ്യാറ്റിൻകര നഗരസഭാധ്യക്ഷൻ പി. കെ. രാജമോഹനൻ അധ്യക്ഷത വഹിച്ചു.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിച്ചാമി ഐഐഎസ് മുഖ്യ പ്രഭാഷണം നടത്തി.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ പാർവതി വി. ഐഐഎസ് ആമുഖ പ്രഭാഷണം നടത്തി.
നെയ്യാറ്റിൻകര നഗരസഭാ ഉപാധ്യക്ഷ പ്രിയാ സുരേഷ്, ഫീൽഡ് എക്സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, കൗൺസിലർ അലി ഫാത്തിമ എം., സിഡിപിഒമാരായ വി. ആർ. ശിവപ്രിയ, കൃഷ്ണ ആർ., ഫീൽഡ് പബ്ളിസിറ്റി അസിസ്റ്റൻ്റ് ടി. സരിൻ ലാൽ എന്നിവർ പ്രസംഗിച്ചു.
സംയോജിത ശിശു വികസന സേവന പദ്ധതി, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ തപാൽ വകുപ്പ്, ലീഡ് ബാങ്ക്, ശുചിത്വ മിഷൻ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും സേവനങ്ങളും ലഭ്യമാണ്'. കൂടാതെ നെയ്യാറ്റിൻകര സർക്കാർ ഹോമിയോ ആശുപത്രി, സർക്കാർ ആയുർവേദ ആശുപത്രി എന്നിവയുടെ സൗജന്യ മെഡിക്കൽ ക്യാംപും നടക്കുന്നുണ്ട്.
കാർഗിൽ രജത ജൂബിലിയോടനുബന്ധിച്ച് അപൂർവ്വ കാർഗിൽ യുദ്ധ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച ചിത്രപ്രദർശനവും ഒരുക്കിയിട്ടുണ്ട്.
പ്രവേശനം സൗജന്യമാണ്. പ്രദർശനവും പരിപാടിയും വ്യാഴാഴ്ച്ച സമാപിക്കും.