കെ പി സി സി പ്രസിഡന്റ് ;ആന്റോ ആന്റണിക്ക് വഴി തെളിയുന്നു ,പ്രഖ്യാപനം നാളെ ?
കെ എസ് യൂ യൂണിറ്റ് പ്രസിഡന്റായി കോൺഗ്രസിൽ തുടക്കം

കോട്ടയം :കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ആന്റോ ആന്റണിക്ക് സാധ്യതയേറി .ഹൈക്കമാൻഡ് കഴിഞ്ഞ ദിവസം നിലവിലുള്ള കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു .കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കെ സുധാകരന്റേതെന്ന അഭിപ്രായമാണ് ഹൈക്കമാന്റിനും .പക്ഷെ ആരോഗ്യപ്രശ്നങ്ങൾ കെ സുധാകരനെ അലട്ടുന്നതിനാൽ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതാണ് നല്ലതെന്ന് ഹൈക്കമാൻഡ് അദ്ദേഹത്തെ ധരിപ്പിക്കുകയായിരുന്നു .
പ്രിയങ്കയും ,റോബർട്ട് വധേരയും ആന്റോ ആന്റണിക്ക് പിന്തുണയുമായി രംഗത്തുണ്ട് .കെ എസ് യൂ യൂണിറ്റ് പ്രസിഡന്റായി കോൺഗ്രസിൽ കടന്നുവന്ന ആന്റോ ആന്റണി തുടർന്നങ്ങോട്ട് താഴെത്തട്ടുമുതൽ കെ പി സി സി സെക്രട്ടറി പദവി വരെ വഹിച്ചിട്ടുണ്ട് .2009 മുതൽ പത്തനംതിട്ടയിൽ നിന്ന് നാലു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു .നിലവിൽ എം പി യും പാർലമെന്റിലെ വിവിധ കമ്മിറ്റികളിൽ അംഗവുമാണ് .
പാലായിലെ സെന്റ് തോമസ് കോളേജിലും തുടർന്ന് തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ലോ കോളേജിലും എറണാകുളം ഗവൺമെന്റ് ലോ കോളേജിലും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലും അദ്ദേഹം വിദ്യാഭ്യാസം നേടി.
കോട്ടയം ജില്ലയിലെ മൂന്നിലവിൽ പുന്നത്താനിയിൽ കുരുവിള ആന്റണിയുടെയും ചിന്നമ്മ ആന്റണിയുടെയും മകനായി 1957 മെയ് ഒന്നിനാണ് ആന്റോയുടെ ജനനം .ഗ്രെയ്സ് ആണ് ഭാര്യ .ഒരു മകനും ഒരു മകളും .