സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യത; ജാഗ്രത പാലിക്കണം
മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ വെള്ളം സമ്പർക്കത്തിൽ വരാതെ ഇരിക്കുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം

തിരുവനന്തപുരം : കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും മേയ് 15നകം മൈക്രോ പ്ലാൻ തയ്യാറാക്കണം. കൊതുകുജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരം ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൃത്യമായ കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്തണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രവർത്തനങ്ങൾ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ രോഗങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങൾ പലപ്പോഴും ഉണ്ടാകുന്നത്. അതിനാൽ മലിന ജലത്തിലിറങ്ങിയവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ വെള്ളം സമ്പർക്കത്തിൽ വരാതെ ഇരിക്കുന്നതിനാവശ്യമായ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശുദ്ധമായ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമാണ് അഭികാമ്യം. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.