ആറ്റിങ്ങല് ഇരട്ട കൊലപാതക്കേസില് ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
പരോളില്ലാത്ത 25 വര്ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു.
കൊച്ചി: ആറ്റിങ്ങല് ഇരട്ട കൊലപാതക്കേസില് ഒന്നാംപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസുമാരായ പി.ബി. സുരേഷ് കുമാര്, ജോണ്സണ് ജോണ് എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് വധശിക്ഷ വിധി റദ്ദാക്കിയത്. പകരം പരോളില്ലാത്ത 25 വര്ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു.അതേ സമയം രണ്ടാംപ്രതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചു. ഇവരുടെ അപ്പീല് തള്ളി.2014 ഏപ്രില് 16 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടെക്നോപാര്ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. രണ്ടാംപ്രതിയുടെ വീട്ടില് ഉച്ചയോടെയെത്തിയ നിനോ അനുശാന്തിയുടെ മൂന്നര വയസുകാരി മകള് സ്വസ്തികയെയും ഭര്ത്താവിന്റെ അമ്മ ആലംകോട് മണ്ണൂര്ഭാഗം തുഷാരത്തില് ഓമന (57)യേയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തില് അനുശാന്തിയുടെ ഭര്ത്താവ് ലിജീഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.