ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോൾ തേടുന്ന അമേരിക്കൻ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ
അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ലിത്വാനിയ സ്വദേശി അലക്സാസ് ബേസിയോകോവ്

തിരുവനന്തപുരം : അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയൻ പൗരനെ തലസ്ഥാനത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി അലക്‌സേജ് ബെസിയോക്കോവ് (46)നെയാണ് വർക്കലയിലെ ഹോംസ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സിബിഐയുമായി സഹകരിച്ചാണ് പിടികൂടിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റർപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. സൈബർ ആക്രമണം, കമ്പ്യൂട്ടർ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകൾ എന്നീ കേസുകളിൽ പ്രതിയാണ്. യുഎസ്എ സമർപ്പിച്ച അപേക്ഷപ്രകാരം, 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയിൽനിന്ന് പ്രതിക്കെതിരെ താൽക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. റിമാൻഡിലായ പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും.