സസ്പെൻഷനിലിരിക്കെ സ്റ്റേയിൽ രാവിലെ ജോലിക്ക് കയറി, ഉച്ചയ്ക്ക് കൈക്കൂലിക്കേസിൽ വീണ്ടും അറസ്റ്റിൽ

പിടിയിലായത് ഇടുക്കി ഡി എം ഒ,ഇങ്ങനെയും ഒരു ഡോക്ടർ

Oct 9, 2024
സസ്പെൻഷനിലിരിക്കെ സ്റ്റേയിൽ രാവിലെ ജോലിക്ക് കയറി, ഉച്ചയ്ക്ക് കൈക്കൂലിക്കേസിൽ വീണ്ടും  അറസ്റ്റിൽ
manoj
ഇടുക്കി : ഗുരുതര പരാതികളെ തുടർന്ന് സസ്പെൻഷനിലായ ഡിഎംഒ തിരികെ കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഡി എം ഒ എൽ മനോജിനെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റു ചെയ്തത്. ചിത്തിരപുരത്തെ പനോരമിക് കെറ്റ്സ് എന്ന ഹോട്ടലിന്റെ ഉടമയിൽ നിന്ന് ശുചിത്വ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് 75000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസിൽ വച്ച് വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

ഹോട്ടൽ ഉടമയിൽ നിന്ന് ഒരുലക്ഷം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഇത് ചർച്ചചെയ്ത് 75000 രൂപയാക്കി. സുഹൃത്തായ മറ്റൊരു ഡോക്ടറുടെ സ്വകാര്യ ഡ്രൈവറായ രാഹുൽ രാജ് എന്നയാളുടെ ഗൂഗിൾ പേ നമ്പരിലേക്കാണ് പണം നൽകണം എന്നായിരുന്നു മനോജ് ആവശ്യപ്പെട്ടിരുന്നത്. ഹോട്ടൽ ഉടമ ഇത് സമ്മതിക്കുകയും ചെയ്തു. ഇതിനായി ഗൂഗിൾ പേ നമ്പരും നൽകി. ഇതുസംബന്ധിച്ച് വിവരം ലഭിച്ച വിജിലൻസ് സംഘം ഇരുവരെയും നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അറസ്റ്റ്.

ഗുരുതരമായ നിരവധി പരാതികൾ ലഭിച്ചതോടെ നേരത്തേ ഡോക്ടർ മനോജിനെ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ആരോഗ്യവകുപ്പിൽ നിന്നടക്കം പരാതികൾ ലഭിച്ചതിനെ തുടർന്നായിരുന്ന നടപടി. എന്നാൽ ഇതിനെതിരെ മനോജ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തന്റെ വിശദീകരണം കേൾക്കാതെയും മതിയായ അന്വേഷണം നടത്താതെയുമാണ് സസ്പെൻഡുചെയ്തതെന്നായിരുന്നു മനോജിന്റെ വാദം. പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌പോലും കിട്ടുന്നതിന് മുമ്പാണ് ഡിഎംഒയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് സികെ അബ്ദുൾ റഹീം ചെയർമാനായ ട്രിബ്യൂണൽ നിരീക്ഷിച്ചു.ഇതിനെത്തുടർന്ന് സസ്പെൻഷൻ മരവിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ ജോലിയിൽ പ്രവേശിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായ രേഖകൾ സമർപ്പിക്കാൻ സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഈ മാസം 15ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് സസ്‌പെൻഷൻ മരവിപ്പിച്ചിരുന്നത്.

മനോജിനെതിരെ നിരവധി പരാതികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവ എന്താണെന്ന് വിശദമാക്കുന്നില്ല. ആയുർവേദ മെഡിക്കൽ ഓഫീസർമാരുടെ സംഘടന ആരോഗ്യമന്ത്രിക്ക് സമർപ്പിച്ച പരാതികളിലൊന്നിന്റെ പകർപ്പ് മാത്രമാണ് സർക്കാർ അഭിഭാഷകൻ ഹാജരാക്കിയത്.സ്വകാര്യ ആശുപത്രികൾക്ക് വഴിവിട്ട രീതിയിൽ അംഗീകാരം നൽകുന്നതിന് ഡി.എം.ഒ ഇടപെടുന്നതായി പരാതികൾ ലഭിച്ചെന്ന് സർക്കാർ ആരോപിക്കുന്നുണ്ട്. സ്വകാര്യ ആയുർവേദ ആശുപത്രി തുടങ്ങുന്നതിന് എൻ.ഒ.സിക്കായി സമീപിച്ച ഡോക്ടർക്ക് മോശം അനുഭവം നേരിട്ടെന്നും വാദിക്കുന്നുണ്ടെങ്കിലും ആ അപേക്ഷയിൽ എന്ത് നടപടിയെടുത്തെന്ന് വ്യക്തമല്ല. ഡോക്ടർക്ക് നേരിട്ട മോശം അനുഭവം എന്താണ് തുടങ്ങിയ കാര്യങ്ങൾ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടിയിരുന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.