മൺസൂൺ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി കളക്ടർ എൻ.ദേവിദാസ്
പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയം/നീർച്ചുഴിയുള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോർഡുകൾ വിനോദസഞ്ചാര വകുപ്പ് സ്ഥാപിക്കും.
കൊല്ലം: മൺസൂൺ എത്തുന്നതിന് മുന്നേ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി കളക്ടർ എൻ.ദേവിദാസ്.പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയം/നീർച്ചുഴിയുള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോർഡുകൾ വിനോദസഞ്ചാര വകുപ്പ് സ്ഥാപിക്കും. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ചെറിയചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനിടയുള്ളതിനാൽ ഇവിടങ്ങളിൽ വാഹനങ്ങൾ നിർത്തരുത്, സൂചനാ ബോർഡുകളും സ്ഥാപിക്കാൻ നിർദ്ദേശിച്ചു.പരസ്യ ഹോർഡിങ്ങുകളുടെ സുരക്ഷ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഹരിത കേരളം, തൊഴിലുറപ്പ് പദ്ധതികൾ ഉപയോഗിച്ച് ജലസംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചുവരികയാണ്. കുളങ്ങൾ, തോടുകൾ, മറ്റ് ജലാശയങ്ങൾ, കിണറുകൾ എന്നിവയെല്ലാം ശുദ്ധമാക്കി കാലവർഷത്തിന്റെ തുടക്കത്തിലുള്ള മഴവെള്ളം പരമാവധി സംഭരിക്കാൻ ജലസേചന വകുപ്പ്, ജല അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയെ ചുമതലപ്പെടുത്തി.അത്യാഹിത സാഹചര്യങ്ങളിലേക്കുള്ള വാഹനങ്ങൾ, ജനറേറ്ററുകൾ, ക്രെയിനുകൾ, മണ്ണുമാന്തികൾ തുടങ്ങിയവയുടെ പട്ടിക സമർപിക്കാൻ ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നടപടിയെടുക്കും.ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ഫിറ്റ്നസ് തദ്ദേശസ്വയംഭരണ പൊതുമരാമത്ത് എൻജിനിയർ പരിശോധിച്ച് ഉറപ്പു വരുത്തണം. തുടർച്ചയായി മഴപെയ്യുന്ന ദിവസങ്ങളിൽ ജില്ലയിലെ മൈനിംഗ് പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണം.ശക്തമായ മഴക്കാലത്ത് വനത്തിനുള്ളിൽ താമസിക്കുന്നവർക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ പട്ടിക വർഗ വികസന വകുപ്പുമായി ചേർന്ന് വനം വകുപ്പ് ലഭ്യമാക്കണം. എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിച്ച് ആവശ്യമായവയിൽ ഗതാഗതനിയന്ത്രണ വിവരം പൊതുമരാമത്ത് വകുപ്പ് കൈമാറണമെന്നും കളക്ടർ നിർദ്ദേശം നൽകി.