ആദിവാസി ഭൂമി കൈയേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി മൂലഗംഗലിലെ ഊര് മൂപ്പൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
പാരമ്പര്യമായി ഇവിടെ താമസിക്കുന്ന ആദിവാസികൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു
കോഴിക്കോട്: വ്യജരേഖയുണ്ടാക്കി ആദിവാസി ഭൂമി കൈയേറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പാടി മൂലഗംഗലിലെ ഊര് മൂപ്പൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. അട്ടപ്പാടി ഷോളയൂർ വില്ലേജിലെ മൂലഗംഗലിൽ നിലവിൽ ആദിവാസികൾ മാത്രമാണുള്ളത്. പാരമ്പര്യമായി ഇവിടെ താമസിക്കുന്ന ആദിവാസികൾക്ക് സമാധാനപരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അടിയന്തരമായി ഇക്കാര്യം അന്വേഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ മൂലഗംഗൽ സന്ദർശിക്കണമെന്നും പരാതിയിൽ ഊര് മുപ്പൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് ഇന്ന് മൂലഗംഗൽ ഊരിൽ പൊലീസ് എത്തിയെന്ന് മൂപ്പൻ മുരുകൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. ആദിവാസികൾ അല്ലാത്തവർ വ്യാജ ആധാരങ്ങളും വ്യാജ പട്ടയങ്ങളും കോടതി ഉത്തരവുകളുമായി വന്ന് ആദിവാസി ഭൂമി കൈയേറുമെന്ന് ഭീഷണിപ്പെടുത്തുവെന്ന് മൂപ്പൻ പൊലീസിനോടും പറഞ്ഞു.
പാർലമെ ന്റ് 2006 ൽ പാസാക്കിയ വനാവകാശ നിയമപ്രകാരം 2426.57 ഏക്കർ (982 ഹെക്ടർ) ഭൂമിയാണ് സാമൂഹിക വനാവകാശമായി മണ്ണാർക്കാട് ഡി.എഫ്.ഒയും അട്ടപ്പാടി പ്രോജക്ട് ഓഫീസറും ആദിവാസികൾക്ക് ഒപ്പിട്ട് നൽകിയത്. ഈ ഭൂമിയുടെ അതിർത്തി വടക്ക് -തൂവ, തെക്ക് -മേൽതോട്ടം, പടിഞ്ഞാറ്- ബൊമ്മൻകുടി, കിഴക്ക് കൊടുങ്കരപുഴ എന്നിങ്ങനെയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വനാവകാശ നിയമ പ്രകാരം ആദിവാസികളുടെ ഗ്രാമസഭയക്കാണ് ഈ പ്രദേശത്തിന്റെ അധികാര അവകാശങ്ങൾ.എന്നാൽ, ചാലക്കുടി സനാതനധർമ്മ ട്രസ്റ്റും ചെമ്പകലക്ഷി തുടങ്ങിയവരുമാണ് വ്യാജരേഖകളുമായി ഇപ്പോൾ ഭൂമി കൈയേറ്റത്തിനായി മൂലഗംഗൽ എത്തിയത്. സനാതനധർമ്മ ട്രസ്റ്റ് ഹാജരാക്കിയ ഭൂമിയുടെ ആധാരങ്ങളിൽ പലതിനും ഒരേ ഭൂമിക്ക് ഒന്നിലധികം ആധാരങ്ങളുള്ളതായി വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവേ നമ്പർ1865, 1864, 1867, എന്നിവിടങ്ങളിലെല്ലാം ഇവർക്ക് ഭൂമിയുള്ളതായി അവകാശപ്പെടുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഇവർക്ക് സഹായം നൽകുന്നുവെന്നാണ് പ്രധാന ആരോപണം.വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് അവകാശം നൽകിയ ഉത്തരവിന്റെ പകർപ്പ്, കേന്ദ്രസർക്കാർ നടപ്പിലാക്കിയ മണ്ണ് സംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി നൽകിയ റിക്കവറി നോട്ടീസിന്റെ പകർപ്പ്, ട്രൈബൽ ഓഫീസർ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് നൽകിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഭൂമി കൈയേറാൻ എത്തിയവരുടെ വീഡിയോ എന്നിവയും രാതിക്കൊപ്പം അയച്ചുവെന്ന് ഊര് മുപ്പൻ പറഞ്ഞു.