തീരസുരക്ഷാ സന്ദേശമുയർത്തി കോസ്റ്റ് ഗാർഡിൻ്റെ സൈക്കിൾ റാലി വിഴിഞ്ഞത്ത് സമാപിച്ചു
കോസ്റ്റ് ഗാർഡ് സൈക്കിൾ ടീമിന് വിഴിഞ്ഞത്ത് ഉജ്വല സ്വീകരണം

കോസ്റ്റ് ഗാർഡ് സൈക്കിൾ ടീമിന് വിഴിഞ്ഞത്ത് ഉജ്വല സ്വീകരണം
കോസ്റ്റ് ഗാർഡിൻ്റെ 49-ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൈക്കിൾ റാലി 1860 കി.മീ പിന്നിട്ടു വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കേന്ദ്രത്തിൽ ഇന്ന് (23 ഫെബ്രുവരി) സമാപിച്ചു.
20 പേരടങ്ങുന്ന കോസ്റ്റ് ഗാർഡ് സംഘം പശ്ചിമതീരം വഴിയാണ് ഇവിടെ എത്തിയത്. ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ.ആദിത്യ വർമ്മ മുഖ്യാതിഥി ആയിരുന്നു. കോസ്റ്റ് ഗാർഡ് (കേരള-മാഹി) ഡിസ്ട്രിക്ട് കമാൻഡർ ഡി.ഐ.ജി എൻ.രവി, വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ കമാൻഡൻ്റ് ജി.ശ്രീകുമാർ, മറ്റ് മുതിർന്ന ഓഫീസർമാർ, സേനാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു.
തീരസുരക്ഷയും ദേശീയബോധവും ഉയർത്തുകയാണ് പര്യടനത്തിൻ്റെ ലക്ഷ്യം.
കേന്ദ്രഭരണ പ്രദേശമായ ദാമനിൽ നിന്ന് ഫെബ്രുവരി രണ്ടിന് പുറപ്പെട്ട സൈക്കിൾ പര്യടനം മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലൂടെ കടന്ന് കേരളത്തിൽ പിലാത്തറ, ബേപ്പൂർ, തളിക്കുളം, കൊച്ചി , പൻമന പ്രദേശങ്ങളിലൂടെയാണ് കടന്നു വന്നത്.
ദേശീയ സുരക്ഷ, സമുദ്ര ജാഗ്രത, സാമൂഹിക ക്ഷേമം എന്നീ സേവനങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ മുദ്രാവാക്യമായ “വയം രക്ഷം” (ഞങ്ങൾ സംരക്ഷിക്കുന്നു) എന്നതിൻ്റെ ധാർമ്മികതയാണ് ഡെപ്യൂട്ടി കമാൻഡൻ്റ് സ്വാമിനാഥൻ നയിച്ച ഈ യാത്രയിലൂടെ പ്രതിഫലിപ്പിക്കുന്നത്.
പര്യടനത്തിൻ്റെ ഭാഗമായി തീരദേശ നിവാസികളുമായി സംഘാംഗങ്ങൾ ആശയ വിനിമയം നടത്തി. തീരപ്രദേശങ്ങളായ രാജ് പുരി, ജയ്ഗഡ്, ഗോവ, പുതുമംഗലാപുരം എന്നിവയും ഇതിൽപ്പെടുന്നു. ഇന്ത്യയുടെ തീരങ്ങൾ സംരക്ഷിക്കുന്നതിൽ സാമൂഹിക പങ്കാളിത്തത്തിൻ്റെ നിർണായക പങ്ക് ഊന്നിപ്പറയുന്നതാണ് ഈ യാത്ര.