എരുമേലിയിൽ ജ്യേഷ്ഠന് പിന്നാലെ അനുജനും മരണപ്പെട്ടു,
സഹോദരന്റെ സംസ്കാരം നാളെ നടക്കാനിരിക്കെയാണ് അനുജന്റെയും മരണം

എരുമേലി: എരുമേലിയിൽ ജ്യേഷ്ഠന് പിന്നാലെ അനുജനും മരണപ്പെട്ടു. സഹോദരന്റെ സംസ്കാരം നാളെ നടക്കാനിരിക്കെയാണ് നാടിനെ കണ്ണീരിഴിലാഴ്ത്തി എരുമേലി നെടുങ്കാവ് വയൽ സ്വദേശികളായ സഹോദരന്മാരിൽ അനുജന്റെയും മരണം.എരുമേലി നെടുങ്കാവ് വയൽ ചാത്താനംകുഴി മധു സി എൻ(51) ആണ് ആന്ധ്രയിൽ വച്ചു മരണപ്പെട്ടത്. ആന്ധ്രായിൽ ജോലി ചെയ്തു വരികയായിരുന്നു മധു. ഹാർട്ട് അറ്റാക്ക് വന്നിരുന്നെങ്കിലും രോഗാവസ്ഥയെ അതിജീവിച്ചിരുന്ന അനുജൻ സന്തോഷ് കുമാർ സി എൻ നെയാണ് കായംകുളത്ത് ഒരു കടത്തിണ്ണയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെയിന്റിങ് ജോലികൾക്കായി കായംകുളത്ത് എത്തിയതായിരുന്നു അനുജൻ സന്തോഷ്. ജ്യേഷ്ഠ സഹോദരന്റെ മരണ വിവരം അറിയിക്കാനായി സന്തോഷിനെ വിളിച്ചപ്പോഴെല്ലാം ഫോൺ ഓഫ് ആയിരുന്നു. ഇതോടെ സന്തോഷിനെ കാൺമാനില്ലെന്നു കാട്ടി ബന്ധുക്കളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കടത്തിണ്ണയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതായി പോലീസ് ബന്ധുക്കളെ വിവരമറിയിച്ചത്. ജ്യേഷൻ മരണപ്പെട്ട വിവരം അനുജനും അനുജൻ മരണപ്പെട്ട വിവരം ജ്യേഷഠനുമറിയാതെയാണ് നാടിനെ കണ്ണീരിലാഴ്ത്തി ഇരുവരും യാത്രയാകുന്നത്. ജ്യേഷ്‌ഠന്റെ സംസ്കാരം തിങ്കളാഴ്ച നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
ഇതോടൊപ്പം അനുജന്റെ സംസ്കാരവും നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നെടുംകവ് വയൽ പി ആർ ഡി എസ് ശ്‌മശാനത്തിൽ നടക്കും. മധുവിന്റെ ഭാര്യ-മണി,മകൻ-ആകാശ്. ബീനയാണ് സന്തോഷിന്റെ ഭാര്യ. ആദർശ്,ആദ്രി എന്നിവരാണ് സന്തോഷിന്റെ മക്കൾ.