ശാസ്ത്രാവബോധം പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി പിണറായി വിജയൻ
ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസ്: ഒന്നാംഘട്ട അടിസ്ഥാനസൗകര്യവികസന പദ്ധതികൾ നാടിനു സമർപ്പിച്ചു
കോട്ടയം: ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല ശാസ്ത്രാവബോധം പ്രചരിപ്പിക്കാനും ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പാമ്പാടി എട്ടാം മൈലിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശാസ്ത്രാവബോധമുള്ള സമൂഹത്തിൽ മാത്രമേ ശാസ്ത്ര സ്ഥാപനങ്ങൾക്കു നിലനിൽപ്പുള്ളൂ. അതിനു സഹായകമാകുന്ന പുരോഗമനോന്മുഖമായ ഇടപെടലുകൾ നടത്താൻ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയണം. ശാസ്ത്രരംഗത്തെ പുരോഗതിക്ക് ഏറെ അനിവാര്യമാണ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് എന്ന പ്രക്രിയ. രാജ്യത്തെ സ്ഥിതി പരിശോധിക്കുമ്പോൾ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനായി ചെലവഴിക്കുന്നത്. ലോകത്തിന്റെയാകെ ശരാശരി എടുത്താൽ ഇത് 1.8 ശതമാനം വരും. ഗവേഷണ മേഖലയ്ക്ക് പിന്തുണ നൽകുന്നില്ല എന്നതു പോകട്ടെ, അശാസ്ത്രീയമായ കെട്ടുകഥകൾ തെളിയിക്കാനെന്ന പേരിൽ കോടിക്കണക്കിനു രൂപ ചിലവഴിക്കുകയും ചെയ്യുന്നു. ഭരണഘടന പ്രകാരം ശാസ്ത്രപരിപോഷണം ഒരു കടമയായി ഏറ്റെടുക്കേണ്ട രാജ്യത്താണ് ഇതെല്ലാം സംഭവിക്കുന്നത്.
ഈ സാഹചര്യത്തിൽ കേരള സർക്കാരിന്റെ ഇടപെടലുകൾ വ്യത്യസ്തമാണ്. ഗവേഷണ സ്‌കോളർഷിപ്പുകളും മികച്ച ഗവേഷണ ഫലങ്ങൾക്ക് അവാർഡുകളും ഏർപ്പെടുത്തിയും റിസർച്ച് ഫെലോഷിപ്പുകൾ നൽകിയും ട്രാൻസ്ലേഷണൽ റിസർച്ച് ലാബുകൾ സ്ഥാപിച്ചും റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റിനായി പ്രത്യേക ബജറ്റ് വിഹിതം നീക്കിവെച്ചുമെല്ലാം നാം ശാസ്ത്ര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കുകയാണ്. അവയിൽ ആദ്യത്തേത് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ലൈഫ് സയൻസസ് പാർക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും ഗ്രഫീൻ ഗവേഷണ കേന്ദ്രവും ജീനോം ഡേറ്റാ സെന്ററും സെന്റർ ഫോർ മൈക്രോ ബേയാംസും, സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസും ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ശാസ്ത്ര ഗവേഷണത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് തയാറാകണം.
40 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി തയാറാക്കിയത്. ഇതിൽ ഉൾപ്പെടുന്ന 1.5 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ലോക പ്രശസ്തിയിലേക്ക് വളർന്ന വ്യക്തിത്വമാണ് ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റേത്. ഹാർഡിയെ പോലെയുള്ള ലോകോത്തര ഗണിത ശാസ്ത്രജ്ഞന്മാരെ പോലും വിസ്മയിപ്പിച്ച ധിഷണയായിരുന്നു അദ്ദേഹത്തിന്റേത്. ദീർഘകാലം ജീവിച്ചിരുന്നുവെങ്കിൽ ഗണിതശാസ്ത്ര മേഖലയിൽ കൂടുതൽ മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. നിരന്തരമായ പുതുക്കലിലൂടെയും വിവരങ്ങളുടെ കൈമാറ്റത്തിലൂടെയുമാണ് വിജ്ഞാനം വളരുക എന്നതാണത്. ലോകമെമ്പാടുമുണ്ടാകുന്ന അറിവുകളെ സ്വാംശീകരിക്കാൻ അദ്ദേഹം അതീവ തൽപ്പരനായിരുന്നു. അതോടൊപ്പം ലോകപ്രശസ്ത ശാസ്ത്രജ്ഞരോട് സംവദിച്ച് തന്റെ വൈജ്ഞാനിക സമ്പത്തിന് മൂർച്ച കൂട്ടാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ കാഴ്ചപ്പാട് ഉൾക്കൊണ്ടുവേണം എല്ലാ വൈജ്ഞാനിക സ്ഥാപനങ്ങളും പ്രവർത്തിക്കേണ്ടത്. എന്നാലേ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നമുക്കു മാറാൻ കഴിയൂ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൂപ്പർ കമ്പ്യൂട്ടിങ്, തിയറിറ്റിക്കൽ ആൻഡ് കമ്പ്യൂട്ടേഷണൽ റിസർച്ച് എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപം നൽകിയ സ്ഥാപനത്തിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലകളിലുണ്ടാകുന്ന പുത്തൻ ഗവേഷണ ഫലങ്ങളെ നാടിന്റെയാകെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്താൻ ഏവരും യത്‌നിക്കണം. ഗവേഷണ ഫലങ്ങൾ അക്കാദമിക മേഖലയിൽ മാത്രമായി ഒതുങ്ങിനിൽക്കാതെ അവയെ പൊതുസമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ സ്ഥാപനങ്ങൾക്ക് കഴിയണം. എ ഐ, മെഷീൻ ലേണിങ്, സൂപ്പർ കമ്പ്യൂട്ടിങ് മേഖലകൾക്ക് എല്ലാ രംഗങ്ങളിലും ഇന്ന് വലിയ സ്വാധീനമുണ്ട്. ഓരോ ഗവേഷണ ഫലവും ഏതൊക്കെ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ആലോചനയുണ്ടാകണം. ഈ മേഖലകളിൽ ലോകത്തുണ്ടാകുന്ന ഏത് അറിവിനെയും നമ്മുടെ വൈജ്ഞാനിക ശൃംഖലയിലേക്ക് വിളക്കിച്ചേർക്കണം.
ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റിത്തീർക്കാൻ ഒരുങ്ങുകയാണ് നാം. പുതുതലമുറ രോഗങ്ങളെ നേരിടാനുള്ള തയാറെടുപ്പുകളും ഉണ്ടാവുകയാണ്. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ എ ഐയ്ക്കും മെഷീൻ ലേണിങ്ങിനും നൽകാൻ കഴിയുന്ന സംഭാവനകൾ വളരെ വലുതാണ്. ക്ലിനിക്കൽ ഗവേഷണത്തിന്റെ ഫലങ്ങൾ അതിവേഗം ലഭ്യമാക്കാൻ സൂപ്പർ കമ്പ്യൂട്ടി് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് കോവിഡ് കാലത്ത് നാം കണ്ടതാണ്. ഈ മാതൃക പിന്തുടർന്നുകൊണ്ട് അവയിലൊക്കെ ഇടപെടാൻ ഈ സ്ഥാപനത്തിനു കഴിയണം. കാലാവസ്ഥാ വ്യതിയാനം ലോകമാകെ വലിയ ആഘാതം സൃഷ്ടിക്കുകയാണ്. കൃത്യമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിക്കാൻ കഴിയണം. അതുവഴി ദുരന്തങ്ങൾ ലഘൂകരിക്കാനും കാർഷിക മേഖലയിലടക്കം മികച്ച രീതിയിലുള്ള ഇടപെടലുകൾ നടത്താനും നമുക്കു കഴിയും.
ജനതയ്ക്ക് ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കാൻ ഇന്നും ലോകത്തിനു കഴിഞ്ഞിട്ടില്ല. അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾക്കായുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ജീനോം എഡിറ്റിംഗ് പോലെയുള്ള പുതിയ സങ്കേതങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തുകയാണ്. ഈ മേഖലയിൽ ഗവേഷണഫലങ്ങൾ വേഗത്തിലാക്കാൻ എ ഐയ്ക്കു കഴിയും. ബി റ്റി വ്യവസായത്തിൽ മുന്നേറാൻ തയാറെടുക്കുന്ന കേരളത്തിനും ജീനോം ഡേറ്റാ സെന്റർ പോലെയുള്ള നമ്മുടെ സ്ഥാപനങ്ങൾക്കും ആ നിലയ്ക്കുള്ള പിന്തുണ ഉറപ്പാക്കാൻ സ്ഥാപനത്തിനു കഴിയണം. ഓരോ മേഖലയിലും എന്തെല്ലാം ഇടപെടലുകൾ നടത്താമെന്ന പരിശോധന ഉണ്ടാകണം. സർക്കാരിന്റെ എല്ലാ പിന്തുണയും ഇൻസ്റ്റിറ്റ്യൂട്ടിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ്് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര-സാങ്കേതിക ഗവേഷണ മേഖലകളിൽ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്നതെന്നും കാലഘട്ടത്തിന് അനുയോജ്യമായ ശാ്‌സത്രസ്ഥാപനങ്ങൾ ആരംഭിക്കാൻ സർക്കാരിനു കഴിഞ്ഞതായും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ കാപ്കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ, എസ്.ആർ.ഐ.ബി.എസ്. ഡയറക്ടർ പ്രൊഫ. സി.എച്ച്. സുരേഷ്, ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റിയൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉപഹാരസമർപ്പണം നടത്തി. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഫോട്ടോകാപ്ഷൻ
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പാമ്പാടി എട്ടാം മൈലിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യവികസനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ്് മന്ത്രി വി.എൻ. വാസവൻ, ചാണ്ടി ഉമ്മൻ എം.എൽ.എ. എന്നിവർ സമീപം.