മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്.
അജയന്റെ രണ്ടാം മോഷണത്തിലെ അഭിനയത്തിന് ടൊവീനോയും കിഷ്കിന്ധാകാണ്ഡത്തിലെ അഭിനയമികവിന് ആസിഫ് അലിയും പ്രത്യേക ജൂറി പരമാർശത്തിന് അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം. പാരഡൈസ് എന്ന ചിത്രത്തിനാണ് ദർശനയ്ക്ക് ജൂറിയുടെ പരാമർശം.
സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന് പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.


