യുവാക്കളുടെ ശക്തീകരണത്തിന് റോസ്ഗാർ മേള പ്രേരക ശക്തി :കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ
തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച തൊഴിൽ മേള കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു
യുവാക്കളുടെ ശക്തീകരണത്തിനും രാഷ്ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള പ്രേരക ശക്തിയാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്‍കരണവകുപ്പ് മന്ത്രി ശ്രീ ചിരാഗ് പാസ്വാൻ. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം തൈക്കാട് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനക്ഷേമം, വികസനം, എന്നിവയോടുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവട് വെയ്പ്പാണ് റോസ്ഗാർ മേളയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയെ കെട്ടിപ്പെടുക്കാനും, രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് റോസ്ഗാർ മേളയിലൂടെ പ്രതിഫലിക്കുന്നത്. പൊതു സേവനം യുവാക്കൾക്ക് പ്രാപ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ സംരഭം. കേന്ദ്ര ഗവണ്മെന്റ് സർവീസിൽ ചെരുന്നവർക്ക് പരിശീലനം നൽകുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച കർമയോഗി പ്രാരംഭിനെക്കുറിച്ചും കേന്ദ്രമന്ത്രി പരാമർശിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്നും കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്നുള്ള ആത്മവിശ്വാസവും കേന്ദ്രമന്ത്രി പ്രകടിപ്പിച്ചു. ഒരു ദശാബ്ദത്തിനിടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിച്ചുവെന്നും ഇന്ത്യ ഒരു ഉല്പാദന ഹബ്ബായി ഉയർന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിന്റെ നിരവധി പദ്ധതികൾ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ, തൊഴിൽ സൃഷ്ടി, കയറ്റുമതി പ്രോത്സാഹിപ്പിക്കൽ തുടങ്ങി നിരവധി ലക്ഷ്യങ്ങൾ ഈ പദ്ധതികളിലൂടെ സാധ്യമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കേന്ദ്ര മന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
തപാൽ വകുപ്പ്, റെയിൽവേ, വിക്രം സാരാഭായ് സ്പേസ് സെന്റർ, ഐഎസ്ആർഒ, സിആർപിഎഫ്, എൻസിസി, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിയമിതരായ 25 ഉദ്യോഗാർഥികൾക്ക് കേന്ദ്ര മന്ത്രി നിയമന ഉത്തരവുകൾ നേരിട്ട് കൈമാറി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നത്തിന്റെ
തത്സമയ വെബ്‌കാസ്റ്റിങ്ങും വേദിയിൽ നടന്നു.