ഗതാഗത നിയമങ്ങൾ ലംഘിച്ച് ഓണാഘോഷം; ഫാറൂഖ് കോളജ് വിദ്യാർഥികൾക്കെതിരെ കേസ്
ഫാറൂഖ് കോളജിൽ നിയമങ്ങൾ ലംഘിച്ചുള്ള ഓണാഘോഷത്തിൽ പൊലീസ് കേസ്
കോഴിക്കോട് : ഫാറൂഖ് കോളജിൽ നിയമങ്ങൾ ലംഘിച്ചുള്ള ഓണാഘോഷത്തിൽ പൊലീസ് കേസ്. കോളജിന് പുറത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചായിരുന്നു ഓണാഘോഷം. ഇതിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു.കറുത്ത വസ്ത്രങ്ങളുമായി ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു നാട്ടുകാരെ ബുദ്ധിമുട്ടിച്ചുള്ള വിദ്യാർത്ഥികളുടെ റോഡ് ഷോ. നാട്ടുകാരിൽ ചിലരാണ് ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്.
കാറുകളുടെ ഡോറിൽ കയറിയിരുന്നാണ് വിദ്യാർഥികൾ യാത്ര ചെയ്തത്. പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർഥികളാണ് നിരവധി കാറുകളിൽ യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു സംഭവം. റോഡിൽ വലിയ രീതിയിൽ ഗതാഗത തടസമുണ്ടാക്കിയാണ് ഓണാഘോഷം നടന്നത്.