കണ്ണൂരില് കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് യുവതി കസ്റ്റഡിയിൽ
പാടിയോട്ടുചാല് ഏച്ചിലാംപാറയിലെ ശോഭയെയാണ് കണ്ണൂര് ടൗണ് ഇന്സ്പെക്ടര് സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്
കണ്ണൂർ: കണ്ണൂരില് കള്ളനോട്ട് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്കൂടി അറസ്റ്റിലായി. പാടിയോട്ടുചാല് ഏച്ചിലാംപാറയിലെ ശോഭയെയാണ് കണ്ണൂര് ടൗണ് ഇന്സ്പെക്ടര് സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.ബാറിൽ ബില്ലടക്കാൻ കള്ളനോട്ട് നൽകിയതോടെ പയ്യന്നൂർ കണ്ടോത്ത് സ്വദേശിയും പ്രവാസിയുമായ എം.എ. ഷിജു കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലായത്. ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.കഴിഞ്ഞ ദിവസം യുവതി പാടിയോട്ടുചാലിലെ പെട്രോൾ പമ്പിൽനിന്ന് വാഹനത്തിൽ ഇന്ധനം നിറച്ച ശേഷം 500 രൂപ കള്ളനോട്ട് നൽകിയതായി പരാതിയുണ്ട്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് യുവതിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, കൂടുതൽ നടപടികളിലേക്ക് കടന്നില്ലെന്നാണ് സൂചന.ഷിജു നൽകിയ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് യുവതിയുടെ വീട്ടിൽ പരിശോധന നടത്തി. ഇവർ കാസർകോട് കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്കൂൾ നടത്തുന്നതായും വിവരമുണ്ട്.കണ്ണൂര് ടൗണ്, ചീമേനി, ചെറുപുഴ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശോഭയുടെ വീട്ടില് നടത്തിയ പരിശോധനയിൽ പ്രിന്റിങ് മെഷീന്, ലാപ്ടോപ്, നിരോധിച്ച ആയിരത്തിന്റെയും പിന്വലിച്ച രണ്ടായിരത്തിന്റെയും നോട്ടുകളും അഞ്ഞൂറിന്റെയും പത്തിന്റെയും നോട്ടുകെട്ടുകളും നിരവധി സീലുകളും കണ്ടെടുത്തു.