CSIR-NIIST ല്‍ അടുത്ത തലമുറ ഭക്ഷ്യ സാങ്കേതികവിദ്യകള്‍ സംബന്ധിച്ച കോണ്‍ക്ലേവ് സംഘടിപ്പിച്ചു

തിരുവനന്തപുരം : 2025 ജൂൺ 13
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ CSIR നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (CSIR-NIIST) സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ''അടുത്ത തലമുറ ഭക്ഷ്യ സാങ്കേതികവിദ്യകള്‍: സുസ്ഥിര നാളേക്കായുള്ള സംസ്‌കരണം'' എന്ന വിഷയത്തില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു. കൊടഗു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ്. ആളൂര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. അടുത്ത തലമുറ ഭക്ഷ്യ സംസ്‌കരണം ഒരു സാങ്കേതിക കുതിച്ചുചാട്ടം മാത്രമല്ല, മറിച്ച് മികച്ചതും വൃത്തിയുള്ളതും കൂടുതല്‍ സുസ്ഥിരവുമായ ഭക്ഷ്യ സംവിധാനത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭാവിക്കായി നൂതനാശയ ആവാസവ്യവസ്ഥയും വ്യവസായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
CSIR-NIIST വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത പ്രോട്ടീന്‍ അടങ്ങിയ മില്ലറ്റ് അധിഷ്ഠിത ന്യൂട്രി ബാറിന്റെ സാങ്കേതിക കൈമാറ്റവും പരിപാടിയില്‍ നടന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ജഗന്‍സ് മില്ലറ്റ് ബാങ്ക് - ശബരി അഗ്രോ ഫുഡ് പ്രോഡക്ട്സിനാണ് സാങ്കേതിക വിദ്യ കൈമാറിയത്.ഓരോ ബാറും 228.66 കിലോ കലോറി ഊര്‍ജ്ജം നല്‍കുന്നു, ഇത് ആരോഗ്യകരമായ ഒരു ഭക്ഷണ തെരഞ്ഞെടുപ്പാണ്. സിന്തറ്റിക് അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയില്ലാത്തതാണ് ഈ ന്യൂട്രി ബാറുകള്‍. സംശുദ്ധമായ ആരോഗ്യ-കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം ഇതിലൂടെ നിറവേറ്റുന്നു.
ഭക്ഷ്യ സംസ്‌കരണത്തിന്റെയും ലൈഫ് സയന്‍സസിന്റെയും പ്രത്യേക മേഖലകളില്‍ സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ധാരണാപത്രത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയും കൊടഗു സര്‍വകലാശാലയും തമ്മില്‍ ഒപ്പുവച്ചു.
'ആയുര്‍-ആഹാറിലെ പുരോഗതി', 'ഇന്ത്യയില്‍ ഭക്ഷ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിലെ സമീപകാല വെല്ലുവിളികള്‍', 'ഭക്ഷ്യ സംസ്‌കരണത്തിലെ സമീപകാല മുന്നേറ്റങ്ങള്‍' എന്നീ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടന്നു.
സിഎസ്ഐആര്‍-സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആര്‍ഐ) ഡയറക്ടര്‍ ഡോ. ശ്രീദേവി അന്നപൂര്‍ണ സിംഗ്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യുടെ സയന്‍സ് & സ്റ്റാന്‍ഡേര്‍ഡ്‌സ് & റെഗുലേഷന്‍സ് ഉപദേഷ്ടാവ് ഡോ. അല്‍ക്ക റാവു എന്നിവരും പങ്കെടുത്തു.