രാജ്യത്തിന് തന്നെ മാതൃകയാണ് കൊച്ചി നഗരസഭയുടെ തുരുത്തി ഇരട്ടഭവന സമുച്ചയം : മുഖ്യമന്ത്രി പിണറായി വിജയൻ

Sep 28, 2025
രാജ്യത്തിന് തന്നെ മാതൃകയാണ് കൊച്ചി നഗരസഭയുടെ തുരുത്തി ഇരട്ടഭവന സമുച്ചയം : മുഖ്യമന്ത്രി പിണറായി വിജയൻ
c m pinarayi vijayan

രാജ്യത്തിന് മാതൃകയായ പുനരധിവാസ പദ്ധതിയാണ് കൊച്ചി നഗരസഭയുടെ ഇരട്ടഭവന സമുച്ചയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോർട്ട് കൊച്ചി തുരുത്തിയിൽ കൊച്ചി കോർപ്പറേഷനും കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡും ചേർന്നു നിർമ്മിച്ച ഇരട്ട ഭവന സമുച്ചയങ്ങളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

പി ആൻ്റ് ടി കോളനി നിവാസികളുടെ പുനരധിവാസം കൊച്ചി നഗരസഭയുടെ മറ്റൊരു പുനരധിവാസ മാതൃകയാണ്.  

സഹകരണാത്മക ഫെഡറലിസത്തിൻ്റെ ഉത്തമ ഉദാഹരണമാണ് ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയം. കേന്ദ്ര സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്താണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.  

 

കൊച്ചിയുടെയും സമീപപ്രദേശങ്ങളുടെയും വികസനത്തിനായി നിരവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തി വരുന്നത്. കൊച്ചി മെട്രോ വികസനം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വികസനം, കൊച്ചി വാട്ടർ മെട്രോ, പെട്രോ കെമിക്കൽ പാർക്ക്, ഇൻഫോപാർക്ക് എന്നിവ അവയിൽ ചിലത് മാത്രമാണ്. 

 

കോർപ്പറേഷൻ പരിധിയിലും അനവധി പ്രവർത്തനങ്ങൾ നടത്താനായി. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന കൊച്ചി നഗരസഭയുടെ ആ സ്ഥാനമന്ദിര നിർമ്മാണം, ജി. സ്മാരകം, എറണാകുളം മാർക്കറ്റ് നവീകരണം, ബ്രഹ്മപുരം മാലിന്യനിർമാർജ്ജന പദ്ധതികൾ, പി ആൻ്റ് ടി കോളനി നിവാസികളുടെ പുനരധിവാസം, നഗരസഭയുടെ സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. വികസനം, ക്ഷേമം എന്നിവ ഉൾക്കൊള്ളുന്ന നവ കേരള സങ്കൽപ്പത്തിന്റെ ദൃഷ്ടാന്തമാണ് ഇതെല്ലാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഒരു മനുഷ്യൻറെ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ കിടപ്പാടം ഇല്ലാത്ത ഒരാൾ പോലും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകരുതെന്ന ചിന്തയോടെയാണ് ലൈഫ് മിഷന് സർക്കാർ തുടക്കമിട്ടത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ആശയം മുന്നോട്ടു വെച്ചപ്പോൾ അസാധ്യമെന്നും അപ്രായോഗികമെന്നും പറഞ്ഞ് തള്ളിക്കളഞ്ഞവരുണ്ട്. എന്നാൻ അതിനെയെല്ലാം അതിജീവിച്ച് മാതൃകാപരമായി തന്നെ പദ്ധതി മുന്നോട്ടു കുതിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  

 

ലൈഫ് മിഷൻ്റെ ഭാഗമായി നാല് ലക്ഷം കുടുംബങ്ങൾക്ക് ഇതിനോടകം വീട് നൽകാൻ കഴിഞ്ഞിട്ടുണ്ട്. ബാക്കി വീടുകളുടെ നിർമാണം പുരോഗമിച്ച് വരികയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇതുവരെ 40000-ത്തിലധികം വീടുകളാണ് അനുവദിച്ചത്. അതിൽ 33,000-ത്തിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായി. 6000-ത്തിലധികം വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിന് പുറമെയാണ് ഫോർട്ട് കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയം പോലുള്ള പദ്ധതികളിലൂടെ വീടുകൾ ലഭ്യമാക്കുന്നത്.

 

സംസ്ഥാനത്ത് പ്രാദേശിക വികസനത്തിന് രൂപരേഖ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ വികസന സദസ്സുകൾ നടത്തി വരികയാണെന്നും എല്ലാവരും അതിൻറെ ഭാഗമായി പ്രാദേശിക വികസനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

ഫ്ലാറ്റ് സമുച്ചയത്തിന് സമീപം നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. കൊച്ചിക്ക് മാത്രമല്ല കേരളത്തിന് തന്നെ അഭിമാനകരമായ പദ്ധതിയാണിതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ചേരികളിൽ താമസിച്ചിരുന്ന 394 കുടുംബങ്ങൾക്ക് മികച്ച താമസ സൗകര്യമാണ് ഇതുവഴി ഒരുക്കുന്നത്. ലൈഫ് മിഷന്റെ ഭാഗമായി ഭവന - ഭൂരഹിതർക്ക് വീടുകൾ നിർമ്മിക്കുന്നതിനായി കേരളം ചെലവഴിച്ചത് 18573.61 കോടി രൂപയാണ്. ആരെയാണ് കേരളം ഒന്നാമതായി പരിഗണിക്കുന്നത് എന്നതിൻറെ ഉദാഹരണമാണ് ഇതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

കൊച്ചി കോർപ്പറേഷനും കൊച്ചി സ്മ‌ാർട്ട് സിറ്റി മിഷൻ ലിമിറ്റഡും (സി.എസ്.എം.എൽ) ചേർന്നാണ് 11, 13 നിലകൾ വീതമുള്ള ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചത്. കൽവത്തി, കൊഞ്ചേരി, തുരുത്തി കോളനികളിൽ താമസിച്ചു വന്ന കുടുംബങ്ങൾക്ക് വേണ്ടിയാണിത്. കോർപ്പറേഷൻ നിർമിച്ച 11 നിലയുള്ള തുരുത്തി ടവർ 1 സമുച്ചയത്തിൽ 320 ചതുരശ്ര അടിയിലുള്ള 199 വീടുകളാണുള്ളത്. താഴത്തെ നിലയിൽ 14 കടമുറികളും അങ്കണവാടിയും ഉണ്ട്. സി.എസ്.എം.എൽ നിർമിച്ച 13 നിലയുള്ള തുരുത്തി ടവർ 2 സമുച്ചയത്തിൽ 195 വീടുകളും താഴത്തെ നിലയിൽ 18 കടമുറികളുമുണ്ട്. ഓരോ വീടുകളിലും ഡൈനിങ്/ലിവിങ് ഏരിയ, ഒരു കിടപ്പുമുറി, അടുക്കള, ബാൽക്കണി, രണ്ടു ശുചിമുറികൾ എന്നിവയുമുണ്ട്

 

ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായി. കെ.ജെ മാക്സി എം.എൽ.എ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ ആൻസിയ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി. നായർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ അഷറഫ്, സി.എ ഷക്കീർ, വി.ഡി വത്സലകുമാരി, സീന ടീച്ചർ, വി.എ ശ്രീജിത്ത്, മെട്രോപൊലീറ്റൻ വികസന സമിതി അധ്യക്ഷൻ ബെനഡിക്ട് ഫെർണാണ്ടസ്, നഗരാസൂത്രണ കാര്യ സ്ഥിരം സമിതി അംഗം ജെ. സനിൽമോൻ, നഗരസഭ കൗൺസിലർ അഡ്വ. ആൻറണി കുരിത്തറ, മുൻ മേയർ സൗമിനി ജെയിൻ, നഗരസഭാ സെക്രട്ടറി പി.എസ് ഷിബു തുടങ്ങിയവർ പങ്കെടുത്തു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.